Politics

ഹരിയാനയിലും കശ്മീരിലും ആര് വാഴും, പ്രതീക്ഷയിൽ ‘ഇന്ത്യ’യും എൻഡിഎയും

ദില്ലി: ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങൾ ആർക്കൊപ്പം നിൽക്കുമെന്ന് ഇന്നറിയാം. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. രണ്ടിടങ്ങളിലും ബി ജെ പിയും ഇന്ത്യ സഖ്യവും വലിയ പ്രതീക്ഷയിലാണ്.

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടന്ന ഹരിയാന, കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏറെ നിർണായകമാണ്. ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയും ഇന്ത്യ സഖ്യവും അവസാന മണിക്കൂറുകളിലും വിജയ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്. ഏകദേശം പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.

ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. എക്സിറ്റ് പോൾ പ്രവചനങ്ങള്‍ വന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹുഡ ദില്ലിയിലെത്തി എ ഐ സി സി നേതൃത്വത്തെ കണ്ടിരുന്നു. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളും പ്രതിഷേധം ഏറ്റവുമൊടുവിവല്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബി ജെ പിക്ക് മുന്നിലുണ്ട്.

പത്ത് വര്‍ഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്ന കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സീറ്റെണ്ണത്തില്‍ കുറവുണ്ടായാല്‍ അത് പരിഹരിക്കാന്‍ സഖ്യത്തിലേക്ക് പി ഡി പിയെ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂക്ക് അബ്ദുള്ള ക്ഷണിച്ചു കഴിഞ്ഞു. തൂക്ക് സഭക്ക് സാധ്യത തെളിഞ്ഞാല്‍ സ്വതന്ത്രന്മാരുടെ നിലപാടും, അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ലഫ്. ഗവര്‍ണ്ണറുടെ സവിശേഷാധികാരവുമൊക്കെ നിര്‍ണ്ണായക ഘടകങ്ങളാകും.