Fashion

ദക്ഷിണ കൊറിയയിൽ ടാറ്റൂ നിയമവിരുദ്ധമായത് എന്തുകൊണ്ട്?……

ചില രാജ്യങ്ങളിൽ ഇപ്പോഴും ടാറ്റൂ നിയമവിരുദ്ധമാണ് അതിലൊന്നാണ് ദക്ഷിണ കൊറിയ. 2022-ൽ ദക്ഷിണ കൊറിയയിലെ പ്രശസ്തമായ ടാറ്റൂ കലാകാരന്മാരിൽ ഒരാളായ ഡോയ് എന്നറിയപ്പെടുന്ന കിം ഡോ-യൂ കൊറിയൻ നടിക്ക് ടാറ്റൂ ചെയ്തു നൽകുന്ന വീഡിയോ വൈറലായിരുന്നു. വീഡിയോ സാമൂഹ്യ മാധ്യങ്ങളില്‍ വൈറലായതോടെ കിം ഡോ-യൂക്കില്‍ നിന്ന് അഞ്ച് ദശലക്ഷം ഡോളർ പിഴ ഈടാക്കിയിരുന്നു. ഇത്തരത്തില്‍ ടാറ്റൂ ചെയ്യുന്നത് രാജ്യത്ത് നിയമവിരുദ്ധമായതിനാലാണ് കിം ഡോ-യൂക്കെതിരെ കേസ് എടുക്കുകയും പിഴ ചുമത്തുകയും ചെയ്തത്.

പച്ചകുത്തുന്നത് നിയമത്തിന് എതിരല്ലെങ്കിലും ദക്ഷിണ കൊറിയയിൽ ഇത് ഒരു മെഡിക്കൽ നടപടിക്രമമായി അംഗീകരിച്ചിരുന്നു. അതിനാൽ തന്നെ ലൈസൻസുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് മാത്രമേ ടാറ്റൂ ചെയ്യാനുള്ള അനുമതിയുള്ളൂ. 1992 മുതൽ ദക്ഷിണ കൊറിയയിൽ മെഡിക്കൽ പ്രൊഫഷണലുകൾ അല്ലാത്തവർ പച്ചകുത്തുന്നത് നിയമവിരുദ്ധമാണ്. ടാറ്റൂ മഷിയും സൂചിയും മൂലമുണ്ടാകുന്ന അണുബാധയുടെ അപകടസാധ്യത ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയയിലെ സുപ്രീം കോടതിയാണ് അനുമതി മെഡിക്കൽ പ്രൊഫഷണലുകൾക്ക് മാത്രം നൽകിയത്. നിയമം പാലിക്കാതെ ആരെങ്കിലും ഇത്തരത്തിൽ ടാറ്റൂ ചെയ്യുകയാണെങ്കിൽ അവർക്ക് ജയിൽ ശിക്ഷയോ കനത്ത പിഴയോ ലഭിക്കും.

17-ആം നൂറ്റാണ്ടുകളിൽ കുറ്റവാളികൾ ശിക്ഷയുടെ രൂപമായി ടാറ്റൂകൾ കൊണ്ട് മുദ്രകുത്തപ്പെട്ടിരുന്നു. എന്നിരുന്നാലും ഇപ്പോഴും ദക്ഷിണ കൊറിയയിലെ യുവതലമുറയ്ക്കിടയില്‍ ടാറ്റൂകൾ വളരെ ജനപ്രിയമാണ്. 2022-ൽ ബിസിനസ് ഇൻസൈഡർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് കുറഞ്ഞത് ദശലക്ഷം ആളുകൾക്കെങ്കിലും നിലവിൽ ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് കൊറിയ ടാറ്റൂ അസോസിയേഷൻ കണക്കാക്കുന്നു. ദക്ഷിണ കൊറിയൻ സെലിബ്രിറ്റികൾ പോലും ടാറ്റൂ ചെയ്തിട്ടുണ്ട്. എന്നാൽ പലപ്പോഴും അവർക്ക് അത് മറയ്ക്കേണ്ട ആവശ്യകതയും വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.