Kerala

പത്ത് വര്‍ഷത്തിനുള്ളില്‍ വാളയാറിൽ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു; ഞെട്ടിക്കുന്ന കണക്കുമായി സിബിഐ

പാലക്കാട്: പത്ത് വര്‍ഷത്തിനുള്ളില്‍ വാളയാര്‍ പ്രദേശത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുമായി സിബിഐ. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വാളയാറില്‍ നിന്നും 18ല്‍ താഴെ പ്രായമുള്ള 27 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നാണ് വാളയാർ കേസിലെ സിബിഐ കുറ്റപത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നത്. ഇക്കാലയളവില്‍ 305 പോക്‌സോ കേസുകള്‍ വാളയാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സിബിഐ പറയുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് സമാനമായി 1996ല്‍ രണ്ട് സഹോദരികള്‍ അസാധാരണ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്നും സിബിഐ പറയുന്നു. 17ഉം 11ഉം പ്രായമുള്ള സഹോദരിമാരെ 1996 ഫെബ്രുവരി 22ന് മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടത്തില്‍ രക്തത്തില്‍ നിന്നും വിഷാംശം കണ്ടെത്തിയിരുന്നു.

101 പേജ് വരുന്ന കുറ്റപത്രമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. 2010 മുതല്‍ 2023 വരെയുള്ള കാലയളവില്‍ തൂങ്ങിമരിച്ച 13 വയസിന് താഴെയുള്ള കുട്ടികളുടെ കണക്കും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന്റെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാര്‍ കേസന്വേഷണത്തില്‍ ഭാഗമായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാളയാര്‍ ഭാഗത്തെ നിരവധി ആളുകള്‍ പാവങ്ങളും നിരക്ഷരരാണെന്നും നിയമപരമായ കാര്യങ്ങള്‍ അറിയില്ലെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

‘ഈ മേഖലയിലെ ഭൂരിപക്ഷമാളുകളും പാവങ്ങളും നിരക്ഷരരുമാണ്. അവര്‍ കുട്ടികളില്‍ വലിയ ശ്രദ്ധ നല്‍കുന്നില്ല. കുട്ടികള്‍ക്കുള്ള നിയമപരമായ സുരക്ഷ അവര്‍ക്ക് അറിയില്ല. നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങള്‍ അറിയില്ല. പ്രായപൂര്‍ത്തിയാകാത്ത ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം രണ്ട്-രണ്ടര വര്‍ഷത്തിന് ശേഷമാണ് പുറത്ത് വന്നത്. വാളയാര്‍ കേസിനെ ചൊല്ലിയുള്ള മുറവിളികളാണ് ഏതാനും വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന കേസുകള്‍ പുറത്ത് വരാന്‍ കാരണമായത്’, എന്നും ഉദ്യോഗസ്ഥൻ പ്രതികരിക്കുന്നുണ്ട്.