Lifestyle

സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവതിയുടെ ‘ഡിവോഴ്‌സ് മെഹന്ദി’

ആഘോഷങ്ങളുടെയും ഒത്തുച്ചേരലുകളുടെയും പ്രതീകമായിട്ടാണ് എന്നും മെഹന്ദിയെ കണ്ടിട്ടുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായൊരു മെഹന്ദിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സ്ത്രീയുടെ വിവാഹ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് മെഹന്ദിയിലൂടെ ചിത്രീകരിക്കുന്നത്. പ്രൊഫഷണല്‍ മൈലാഞ്ചി ആര്‍ട്ടിസ്റ്റ് ഉര്‍വ്വശി വോറ ശര്‍മ്മയാണ് ‘ഡിവോഴ്‌സ് മെഹന്ദി’ ഡിസൈന്‍ കാണിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷയര്‍ ചെയ്തിരിക്കുന്നത്.

അമ്മായിയമ്മമാര്‍ ഒരു വേലക്കാരിയെപ്പോലെ പെരുമാറുന്നത് മുതല്‍ ഭര്‍ത്താവില്‍ നിന്ന് നേരിടുന്ന ഒറ്റപ്പെടലും പിന്തുണയില്ലായ്മയും തുടങ്ങി ഒരു സ്ത്രീയുടെ പ്രക്ഷുബ്ധമായ ദാമ്പത്യത്തിന്റെ മെഹന്ദിയിലൂടെ യാഥാര്‍ത്ഥ്യത്തെ കാണിക്കുന്നു. തെറ്റിദ്ധാരണയുടെയും തര്‍ക്കങ്ങളുടെയും വൈകാരിക ക്ലേശങ്ങളുടെയും രംഗങ്ങള്‍ ആ മെഹന്ദി ഡിസൈനില്‍ ചിത്രീകരിച്ചിരിക്കുന്നു. ഒടുവില്‍ ഫൈനലി ഡിവോഴ്സ്ഡ് എന്നും വീഡിയോയില്‍ കാണിച്ചിരിക്കുന്ന മെഹന്ദിയില്‍ കാണാം.

ഈ വിഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ‘മെഹന്ദിയില്‍ വേദന പതിഞ്ഞിരിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്, പക്ഷേ അവളുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് കാണുന്നത് അവളെ ശക്തിപ്പെടുത്തുന്നു,’ ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ‘ഇത് നിങ്ങളുടെ കഥ പറയാന്‍ വളരെ ശക്തമായ ഒരു മാര്‍ഗമാണ്’. മറ്റൊരു കമന്റില്‍ പറയുന്നു.