Tech

വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി തടയാന്‍ എ ഐയുമായി എക്‌സ്

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്‌സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ഇത് കോടികളുടെ നഷ്ടമുണ്ടാക്കി. മാത്രമല്ല, യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തത്. എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭീഷണി സന്ദേശം തടയാന്‍ സാധിക്കുമെന്ന കാര്യം എക്‌സ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.