Kerala

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു;റെയിൽവേ ജീവനക്കാരൻ തള്ളിയിട്ടതെന്ന് ആരോപണം

കോഴിക്കോട്: എസി കോച്ചിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതിന് ഓടുന്ന ട്രെയിനില്‍ നിന്ന് റെയില്‍വേ ജീവനക്കാരന്‍ തള്ളിയിട്ട യുവാവ് മരിച്ചു.

അപകടത്തില്‍പ്പെട്ട യുവാവിനെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പിവിഎസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേ പൊലീസ് അധികൃതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. അപകടം നടന്ന് അരമണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ കിടത്തിയതിന് ശേഷമാണ് മീറ്ററുകള്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത്.

മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷനിലെത്തി അവിടെ നിന്ന് പുറപ്പെടാനായി ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ ഓടിക്കയറിയതായിരുന്നു യുവാവ്. ട്രെയിനിലുണ്ടായിരുന്ന എ.സി മെക്കാനിക് ജീവനക്കാരനാണ് യുവാവിനെ തള്ളിയിട്ടതെന്ന് ട്രെയിനിലുണ്ടായിരുന്നവര്‍ ആരോപിച്ചു.

ട്രെയിനില്‍ യുവാവ് ഓടിക്കയറിയപ്പോള്‍ ഇറങ്ങെടാ വെളിയില്‍ എന്ന് ആക്രോശിച്ച്‌ ജീവനക്കാരന്‍ ഇയാളെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓടിത്തുടങ്ങിയ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ഈ സമയം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു യുവാവ്.

യുവാവ് മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ജീവനക്കാരന്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. റെയില്‍വേ പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടം സംഭവിച്ച്‌ ഏറെ നേരം യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അടിയന്തര ചികിത്സ നല്‍കാനോ റെയില്‍വേ അധികൃതര്‍ തയ്യാറായില്ല.ഇതേത്തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും ട്രെയനിലുണ്ടായിരുന്നവരും പ്രതിഷേധിച്ചു.