Pravasam

ഇടതുപക്ഷ വിജയം മതനിരപേക്ഷതയ്ക്കുള്ള അംഗീകാരം: അബുദാബി ശക്തി തിയറ്റേഴ്‌സ്

അബുദാബി> മതനിരപേക്ഷതയുടെ സുരക്ഷിത കോട്ടയെന്നു വിശേഷിപ്പിക്കാവുന്ന കേരളം ഇതുപോലെ നിലനിന്നുകാണണമെങ്കിലും, കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കണമെങ്കിലും ഇടതുപക്ഷ സർക്കാർ തന്നെ തുടരണമെന്ന മലയാളികളുടെ തിരിച്ചറിവാണ് പതിനഞ്ചാമത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് അബുദാബി ശക്തി തിയറ്റേഴ്സ്.

ഓരോ തെരഞ്ഞെടുപ്പുകളിലും വലതുപക്ഷം സ്വീകരിച്ചുപോരുന്ന തത്വദീക്ഷയില്ലാത്ത അവസരവാദ അവിശുദ്ധ നീക്കുപോക്കുകൾക്കെതിരെയുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കേരളത്തിന്റെ മതനിരപേക്ഷ മുഖം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുവാൻ ഏറെ പര്യാപ്തമായ ഈ തെരഞ്ഞെടുപ്പ് ഫലം ഇതര സമൂഹത്തിനു മുന്നിൽ മലയാളികളുടെ യശസ്സ് ഉയർത്തിക്കാണിക്കും.

രാജ്യത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംഘപരിവാർ രാഷ്ട്രീയം പിടിമുറുക്കുമ്പോൾ കേരളത്തിൽ ബിജെപിക്ക് ഉണ്ടായിരുന്ന ഒരേയൊരു സീറ്റുപോലും തിരിച്ചുപിടിച്ചുകൊണ്ട് കേരളം മാതൃകസൃഷ്ടിച്ചിരിക്കുകയാണ്.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അടിപതറാതെ ജനങ്ങൾക്ക് സുരക്ഷിത കവചം തീർത്തുകൊണ്ട് നാടിന്റെ കരുതലായി മാറുകയും അതോടൊപ്പം നാടിന്റെ വികസന പ്രക്രിയകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, സാമൂഹ്യ നീതി ഉറപ്പു വരുത്തുകയും ചെയ്ത പിണറായി വിജയൻ സർക്കാരിന് നൽകിയ ഈ അംഗീകാരം നാളിതുവരെയുള്ള കേരളചരിത്രത്തിന്റെ തിരുത്തെഴെത്തുകൂടിയാണെന്ന് ശക്തി തിയറ്റേഴ്സ് ആക്ടിംഗ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.