മനാമ > ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തറില്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കി. കോവിഡ് വാക്സിന് എടുത്തവര്‍ക്കും ഇത് ബാധകം. പുതിയ നിബന്ധന വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.30 ന് നിലവില്‍ വന്നു.
ഇന്ത്യക്കുപുറമേ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്, ഫിലിപ്പൈന്‍സ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധം. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യാത്രയുടെ 48 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളില്‍ നിന്നുള്ളതായിരിക്കണം സര്‍ട്ടിഫിക്കറ്റ്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഖത്തറിലേക്ക് ബോര്‍ഡിങ് പാസ് നല്‍കില്ല.
ഇന്ത്യയില്‍ കൊറോണവൈറസ് രണ്ടാം തരംഗവും ജനിതകമാറ്റം വന്ന വൈറസും വര്‍ധിച്ച പാശ്ചാത്തലത്തിലാണ് നടപടി. ജോണ്സണ് ആന്റ ജോണ്സന് സിംഗിള്‍ ഡോസ് സ്വീകരിച്ചവര്‍, ആസ്ട്ര സെനക / കോവിഷീല്‍ഡ്, ഫൈസര്‍, മൊഡേണ വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവര്‍, കോവിഡ് രോഗം മാറി ആറുമാസത്തിനകം ഖത്തറിലേക്ക് വരുന്നവര്‍ എന്നിവരെ നേരത്തേ ക്വാറന്റീന് നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ നിയമനുസരിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന ആര്‍ക്കും ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവില്ല. ഈ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്കും ഈ രാജ്യങ്ങള്‍ വഴി വരുന്നവര്‍ക്കും (ട്രാന്‍സിറ്റ് യാത്രക്കാര്‍) പുതിയ നിബന്ധന ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് ഹോം ക്വാറന്റീന് അനുവദിക്കില്ല. ഖത്തറില്‍ എത്തി ഒരു ദിവസത്തിന് ശേഷം പിസിആര്‍ പരിശോധന നടത്തണം. ക്വാറന്റീനിലുള്ള സമയത്തും ക്വാറന്റീന് അവസാനിക്കുന്നതിന് തൊട്ടുമുമ്പും ടെസ്റ്റ് നടത്തണം.
ഖത്തര്‍ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് മുന്‍കൂര്‍ കോവിഡ് നെഗറ്റീവ് ഫലം ആവശ്യമാണ്. ഇവര്‍ക്ക് ദോഹ വിമാനത്താവളത്തില്‍ വീണ്ടും പിസിആര്‍ ടെസ്റ്റ് നിര്‍ദേശിക്കപ്പെടാം. 300 റിയാലാണ് വിമാനത്താവളത്തില്‍ ടെസ്റ്റ് നിരക്ക്.
അതേസമയം, ഇന്ത്യയിലേക്കുള്ള യാത്രാ, കാര്‍ഗോ വിമാന സര്‍വിസുകള്‍ തുടരുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. തങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേക സ്ഥാനമാണുള്ളതെന്നും പ്രതിസന്ധികളാല്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഖത്തര്‍ എയര്‍വേസ് ട്വീറ്റ് ചെയ്തു. ഖത്തറും ബഹ്റൈനും ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളെല്ലാം ഇന്ത്യന്‍ വിമാനങ്ങളെ വിലക്കിയിട്ടുണ്ട്.
Add Comment