Pravasam

യുഎഇയും ചിലിയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു

ഷാർജ > ചിലി പ്രസിഡന്റിന്റെ യുഎഇയിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുഎഇയും ചിലിയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. അബുദാബി കസർ അൽവത്താനിൽ നടന്ന ചടങ്ങിൽ യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോക്ടർ താനി ബിൻ അഹമ്മദ് അൽ സെയൂദിയും ചിലി വിദേശകാര്യ മന്ത്രി ആൽബർട്ടോ വാൻ ക്ലാവരനും ചേർന്നാണ് കരാർ ഒപ്പിട്ടത്. യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചിലി റിപ്പബ്ലിക് പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ടും സന്നിഹിതരായിരുന്നു.

കസ്റ്റംസ് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക, വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുക, കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുക എന്നിവയിലൂടെ എണ്ണ ഇതര ഉഭയ കക്ഷി വ്യാപാരത്തെ ശക്തിപ്പെടുത്താനാണ് കരാർ വഴി ലക്ഷ്യമിടുന്നത്. സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവ എല്ലാവർക്കും ലഭിക്കും വിധത്തിൽ മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാനും, ലോകമെമ്പാടും വ്യാപാര നിക്ഷേപ പങ്കാളികളുടെ ശൃംഖല വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ ലോകരാജ്യങ്ങളുമായി കരാറുകളിൽ ഏർപ്പെടുന്നത്.

2023 ൽ യുഎഇയും ചിലിയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിന്റെ അളവ് 36 ദശലക്ഷം യുഎസ് ഡോളറായിരുന്നു. 2030 അവസാനിക്കുമ്പോൾ ഇത് മൂന്നിരട്ടി ആക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ കൊളംബിയയുമായി കരാർ ഒപ്പിട്ടതിനു ശേഷം തെക്കേ അമേരിക്കൻ രാജ്യവുമായി ഒപ്പുവച്ച രണ്ടാമത്തെ കരാറാണ് ഇത്.