Pravasam

സ്വദേശികളും വിദേശികളും കൈകോര്‍ത്തു; വടക്കന്‍ ബാത്തിന സാധാരണ നിലയിലേക്ക്

 
മസ്‌കത്ത് > വംശമോ പ്രദേശങ്ങളോ മതങ്ങളോ അവര്‍ക്ക് വിലങ്ങുതടിയായില്ല. അവര്‍ പരസ്പരം കൈകോര്‍ത്തു, തോളോട് തോള്‍ ചേര്‍ന്നു. കൊടുങ്കാറ്റ് കടപുഴക്കി എറിഞ്ഞ സ്വ്പ്നങ്ങളെയും പ്രതീക്ഷകളെയും തിരച്ചു പിടിക്കാന്‍. 
 
ഷഹീന്‍ ചുഴലി സംഹാര താണ്ഡവമാടിയ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് സാധരണ നിലയിലേക്ക് തിരിച്ചുവരികയാണ്. സ്വദേശികളും വിദേശികളും സര്‍ക്കാര്‍ സംവിധാനങ്ങളും കൈകോര്‍ത്തപ്പോള്‍ എല്ലാ വഴികളും വടക്കന്‍ ബാത്തിനയിലേക്കായി. ആയിരത്തോളം പേര്‍ ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ സന്നദ്ധ സേവനത്തിന്റെ പുതുഗാഥകള്‍ രചിച്ചു. മനുഷ്യ സ്‌നേഹം ആയുധമാക്കി അവര്‍ ചെളി കയറിയ പ്രദേശങ്ങളിലേക്ക് ഇറങ്ങി. ചെളിനിറഞ്ഞു കാലു കുത്താന്‍ പോലും പറ്റാതായ ഭവനങ്ങള്‍ അവര്‍ വൃത്തിയാക്കി. ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ട സാധാരണക്കാരന്റെ സ്ഥാപനങ്ങള്‍ അവര്‍ വീണ്ടെടുത്തു നല്‍കി. അകത്ത് പ്രവേശിക്കാന്‍ പോലും പറ്റാതായ വിദ്യാലയങ്ങളെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ തക്കവണം സജ്ജമാക്കി. ആരാധനാലയങ്ങള്‍ അവര്‍ പ്രവേശന യോഗ്യമാക്കി. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ആഹാരവും വസ്ത്രങ്ങളും മരുന്നുമായി അവര്‍ ചേര്‍ത്തുപിടിച്ചു. 
 
ഇക്കാഴിഞ്ഞ മൂന്നിന് രാത്രി എട്ടരയോടെയാണ് ചുഴലിക്കാറ്റ് ബാത്തിനയില്‍ കര തൊട്ടത്. പിറ്റേന്ന് പുലര്‍ച്ചെ മൂന്നുവരെ നീണ്ട കാറ്റില്‍ വന്‍ നാശനഷ്ടമാണ് ബാത്തിന മേഖലയില്‍ ഉണ്ടായത്. ചെളിയുമായി ആര്‍ത്തിരമ്പിവെന്ന വെള്ളം സര്‍വത്ര നാശം വിതച്ചു. മരങ്ങള്‍ കപുഴകി. നിരവധി വീടുകള്‍ ഒറ്റപ്പെട്ടു. ആരെയും നിരാശപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. 
 
മുസന്ന, മുലാദ, സുവൈക്, ഖദറ, ബിദായ, കാബൂറ എന്നീ മേഖലകളിലാണ് ഏറ്റവും ഭീകരമായ രീതിയില്‍ കാറ്റ് പതിച്ചത്. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. വലിയ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ കച്ചവട സ്ഥാപനങ്ങളില്‍ എല്ലാം വെള്ളം കയറിയിരുന്നു. റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. നൂറു കണക്കിന് വാഹനങ്ങള്‍ ഒലിച്ചുപോയി. നിവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 14 പേര്‍ മരിച്ചു. 
 
ദുരന്ത മേഖലയില്‍ മികച്ച, അഭിമാനകരമായ സന്നദ്ധ സേവനമാണ് വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ കാഴ്ചവെച്ചതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വെല്‍ഫയര്‍ വിഭാഗം സെക്രട്ടറി പിഎം ജാബിര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എല്ലാവരെയും ഏകോപിച്ചു ആവശ്യമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. രണ്ടു ദിവസങ്ങളിലായി ഏഴാരത്തിലധികം ഭക്ഷ്യകിറ്റ് നല്‍കി. ഒരു കുടുംബത്തിന് പത്ത് ദിവസത്തേക്ക് കഴിയാനാവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ അടങ്ങിയ റേഷന്‍ കിറ്റ് എംബസി സഹായത്താല്‍ നിരവധി പേര്‍ക്ക് നല്‍കിയാതയും അദ്ദേഹം അറിയിച്ചു. 
 
മസ്‌കത്ത് കെരളി, ഐസിഎഫ്, കെഎംസിസി, ഒഐസിസി, തുടങ്ങിയ സംഘടകളുടെ പ്രവര്‍ത്തകരാണ് പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. മസ്‌കത്ത് കൈരളിയുടെ 200 ഓളം പ്രവര്‍ത്തകര്‍ സന്നദ്ധ സേവനം നടത്തി. ഇന്ത്യന്‍ സ്‌കൂള്‍ മുലാദ ഇവര്‍ വൃത്തിയാക്കി. ഇന്ത്യന്‍ എംബസി സംഘം പ്രദേശം സന്ദര്‍ശിച്ചു ദുരന്തത്തിനരയായ ഇന്ത്യക്കാരുമായി ആശയ വിനിമയം നടത്തി. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് അത് ലഭ്യമാക്കുമെന്ന് കൈരളി പ്രവര്‍ത്തകര്‍ക്ക് എംബസി ഉറപ്പ് നല്‍കി. 
 
വടക്കന്‍ ബാത്തിന അമ്പരപ്പിക്കുന്ന വേഗത്തില്‍ സാധരണ നിലയിലേക്ക് തിരിച്ചുവരിയാണ്; ഏത് കാറ്റിനെയും കോളിനെയും നേരിടാനുള്ള ചങ്കൂറ്റം ഇവിടെയുണ്ടെന്ന് ഓര്‍മ്മിപ്പിച്ച്.