Politics

രാജ്യം രണ്ടാം അടിയന്തരാവസ്ഥയിലേക്കോ

വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി 23 മുതൽ 26 വരെയുണ്ടായ വർഗീയകലാപത്തിന്റെ ഗൂഢാലോചനക്കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും മറ്റ് നാലുപേരെയും പ്രതിപ്പട്ടികയിൽ പരാമർശിച്ച് ഡൽഹി പൊലീസ് കുറ്റപത്രം നൽകിയിരിക്കുന്നു. പ്രശസ്ത സാമ്പത്തികവിദഗ്ധയും ജെഎൻയുവിലെ അധ്യാപികയുമായ ജയതി ഘോഷ്, ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ അപൂർവാനന്ദ്, സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്, ചലച്ചിത്രകാരൻ രാഹുൽറോയ് എന്നിവരാണ് പ്രതിപ്പട്ടികയിൽ പരാമർശമുള്ള മറ്റുള്ളവർ.

കേസിൽ അറസ്റ്റിലായ ജെഎൻയുവിലെയും ജാമിയ മിലിയയിലെയും മൂന്ന് വിദ്യാർഥിനികൾ നൽകിയ മൊഴിയനുസരിച്ചാണ് യെച്ചൂരിയെയും മറ്റുള്ളവരെയും ഗൂഢാലോചനയിൽ പങ്കാളികളെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, മൊഴികൾ രേഖപ്പെടുത്തിയ പേജുകളിൽ ഒപ്പിടാൻ വിദ്യാർഥിനികൾ തയ്യാറായിട്ടില്ല. വെവ്വേറെ തയ്യാറാക്കിയ മൊഴികളാണ് ഇവയെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും മൊഴികളിലെ അക്ഷരത്തെറ്റുപോലും ആവർത്തിക്കുന്നതായാണ് കണ്ടെത്തിയത്. ഇതിനർഥം പൊലീസ്തന്നെ തയ്യാറാക്കിയ വ്യാജമൊഴിയാണ് ഇതെന്നാണ്. ഈ വ്യാജമൊഴിയുടെ അടിസ്ഥാനത്തിലാണ് യെച്ചൂരിയെയും മറ്റും കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് ‘ആളെക്കൂട്ടിയതും’ ‘ഏതറ്റംവരെയും പോകാൻ’ അവർക്ക് ഊർജം പകർന്നതും സിഎഎ, മുസ്ലിം സമുദായത്തിന് എതിരാണെന്ന് പറഞ്ഞ് ‘വിദ്വേഷം പടർത്തിയതും’ അതുവഴി രാജ്യത്തിന്റെ പ്രതിഛായതന്നെ തകർത്തതും യെച്ചൂരിയും കൂട്ടരുമാണെന്നാണ് ഡൽഹി പൊലീസിന്റെ ഭാഷ്യം. സിപിഐ എം ജനറൽ സെക്രട്ടറിയെയും മറ്റും കേസിൽപ്പെടുത്താൻ വൻ ഗൂഢാലോചന തന്നെയാണ് അരങ്ങേറിയതെന്ന് അർഥം.

ഡൽഹി കലാപം ആരാണ് ആസൂത്രണം ചെയ്തതെന്നത് പകൽപോലെ വ്യക്തമാണ്. സംഘപരിവാർ നേതാക്കളുടെ വിഷലിപ്തമായ പ്രചാരണമാണ് കലാപത്തിന് തീകൊളുത്തിയത്. മതനിരപേക്ഷ ഭരണഘടനയ്ക്ക് വിരുദ്ധമായി മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നതിനായി നീക്കം നടന്നപ്പോഴാണ് ഷഹീൻബാഗിലും ജാഫ്രബാദിലും മറ്റും സമരപ്പന്തലുയർന്നത്. സിഎഎയ്ക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും ശക്തമായിത്തന്നെ നിലകൊള്ളുകയും ചെയ്തു. എന്നാൽ, ഈ പ്രക്ഷോഭം തീർത്തും സമാധാനപരമായിരുന്നു. അതിൽ അസ്വസ്ഥരായിരുന്നത് സംഘപരിവാർ ശക്തികൾ മാത്രമായിരുന്നു. ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂറും പർവേഷ് വർമയും കപിൽമിശ്രയും മറ്റും ഈ പ്രക്ഷോഭത്തിനെതിരെ രംഗത്ത് വന്നു. രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലാനായിരുന്നു കേന്ദ്രമന്ത്രികൂടിയായ അനുരാഗ് ഠാക്കൂറിന്റെ ആഹ്വാനം. ഷഹീൻബാഗ് പ്രക്ഷോഭം തുടരാൻ അനുവദിച്ചാൽ ഡൽഹി കശ്മീരാകുമെന്നും അവർ വീടുകളിൽ കയറി സഹോദരിമാരെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു ബിജെപി എംപി പർവേഷ് വർമയുടെ പ്രസ്താവന.

സിഎഎ വിരുദ്ധ പ്രക്ഷോഭകരെ നീക്കംചെയ്യാൻ പൊലീസ് തയ്യാറാകണമെന്നും അല്ലാത്തപക്ഷം പൊലീസ് പറയുന്നതൊന്നും തങ്ങൾ കേൾക്കില്ലെന്നുമാണ് കപിൽമിശ്ര പറഞ്ഞത്. അങ്ങനെതന്നെ അവർ പ്രവർത്തിക്കുകയുംചെയ്തു. വിദ്വേഷ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും തുടർച്ചയായാണ് കലാപം നടന്നത്. 53 പേർക്കാണ് ജീവൻ നഷ്ടമായത്. സംഘപരിവാറിന്റെ മൂശയിലാണ് ഡൽഹി വർഗീയകലാപത്തിന്റെ ആസൂത്രണം എന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണമൊന്നും ആവശ്യമുണ്ടായിരുന്നില്ല. എന്നിട്ടും ഡൽഹി പൊലീസ് ഗൂഢാലോചന തിരയുന്നത് സിപിഐ എമ്മിലും അക്കാദമിക പണ്ഡിതരിലുമാണ്. വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ഒരു പെറ്റി കേസ്പോലും ചുമത്തിയിട്ടില്ല. അവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ല. ഒരു കുറ്റപത്രവും സമർപ്പിച്ചിട്ടില്ല.

ഡൽഹി കലാപവും സിഎഎ വിരുദ്ധപ്രക്ഷോഭവും തമ്മിൽ ഒരു ബന്ധവുമില്ല. എന്നാൽ, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് ഡൽഹി കലാപക്കേസിനെ സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി കൂട്ടിക്കെട്ടുകയാണ്. അപൂർവാനന്ദിനെ ഉൾപ്പെടെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയുണ്ടായി. ജെഎൻയുവിലെയും ജാമിയയിലെയും വിദ്യാർഥികളെ യുഎപിഎയും എൻഎസ്എയും മറ്റും ചുമത്തി ജയിലിലടച്ചു. ഡൽഹി കലാപക്കേസിലും ഭീമ കൊറേഗാവ് കേസിന് സമാനമായ രീതികൾ ആവർത്തിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. അക്കാദമിക് പണ്ഡിതരെയും ആക്ടിവിസ്റ്റുകളെയും സാംസ്കാരിക പ്രവർത്തകരെയുമാണ് ആ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലിടച്ചത്. ഭീമ കൊറേഗാവ് സംഭവം ആസൂത്രണം ചെയ്തതാകട്ടെ സാംബാജി ബിഡേ, മിലിൻദ് എക്ബോട്ടെ തുടങ്ങിയ സംഘപരിവാർ നേതാക്കളും.

കമ്യൂണിസ്റ്റുകാരെ രാജ്യത്തുനിന്ന് തുടച്ചുനീക്കുക എന്നത് ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് കമ്യൂണിസ്റ്റ് പോരാട്ടങ്ങളെപ്പോലും ചരിത്രപുസ്തകത്താളുകളിൽനിന്നുപോലും നീക്കംചെയ്യാനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായവരുടെ പേരുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ചരിത്രഗവേഷണകൗൺസിൽ തയ്യാറാക്കിയ രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് പുന്നപ്ര–-വയലാർ, കരിവെള്ളൂർ, കാവുമ്പായി സമരനായകരെ ഒഴിവാക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. സംഘപരിവാർ ആശയങ്ങളെ ശക്തമായി എതിർക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്ന സിപിഐ എമ്മിനെ തകർക്കുക എന്നതും അവരുടെ ലക്ഷ്യമാണ്. ന്യൂഡൽഹിയിലെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിലെത്തി മൂന്ന് വർഷംമുമ്പ് സിപിഐ എം ജനറൽ സെക്രട്ടറി യെച്ചൂരിയെ ആക്രമിക്കാൻപോലും സംഘപരിവാർ തയ്യാറായി. ഇപ്പോൾ അദ്ദേഹത്തെ ഡൽഹി കലാപക്കേസിൽ കുടുക്കാനാണ് ശ്രമം. അടിയന്തരാവസ്ഥയെ ചെറുത്തുതോൽപ്പിക്കാമെങ്കിൽ ഇപ്പോഴത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെയും തോൽപ്പിക്കാൻ കഴിയും. പ്രതിപക്ഷശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള മോഡി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധമുയർത്താൻ എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളും തയ്യാറാകണം.