Pravasam

സുസ്ഥിര മാലിന്യ സംസ്‌കരണം: എൽബിഎഫ്‌ പോലുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി

ദുബായ്> സുസ്ഥിര മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതിയിൽ യുഎഇ യിലെ ലൂത്താ ബയോ ഫ്യൂവൽസ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുന്ന കാര്യം പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. യുഎഇ യിലെ ലൂത്താ ബയോ ഫ്യൂവൽസ് (എൽബിഎഫ്) ഓഫീസ് സന്ദർശിക്കുകയായിരുന്നു മന്ത്രി. യുഎഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ സ്ഥാപനവും യുസിഒ അധിഷ്ഠിത ജൈവ ഇന്ധന നിർമ്മാതാവുമാണ് ലൂത്താ ബയോഫ്യുവൽസ്.

എൽബിഎഫിന്റെ വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികൾ മന്ത്രി വി.ശിവൻകുട്ടി വിലയിരുത്തി.സുസ്ഥിര മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകുന്ന പാഠ്യപദ്ധതി, ക്ലാസ് റൂം അറിവിനും അതിന്റെ യഥാർത്ഥ ലോക സാഹചര്യങ്ങൾക്കും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലൂത്താ ബയോഫ്യുവൽസ് പോലുള്ള സ്ഥാപനങ്ങളുമായി ഒത്തുചേരുന്നതിലൂടെ, കേരളത്തിന്റെ ജൈവ ഇന്ധന മേഖലയെ ശക്തിപ്പെടുത്താനും മാലിന്യ നിർമാർജനത്തിനും സുസ്ഥിരതയ്ക്കും ഊന്നൽ നൽകുന്ന പദ്ധതികൾക്കായി യുവാക്കളെ പ്രചോദിപ്പിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

സന്ദർശന വേളയിൽ, ലൂത്താ ബയോ ഫ്യുവൽസുമായി ബന്ധപ്പെട്ട അക്കാദമിയിൽ പരിശീലനം നേടിയ യുഎഇ പൗരന്മാരുമായും മന്ത്രി ആശയവിനിമയം നടത്തി. ഓവർസീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് മാനേജിംഗ് ഡയറക്ടർ അനൂപ് കെ. എ. യും ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിൽ നിന്ന് തൊഴിൽ തേടി എത്തുന്ന യുവാക്കൾക്ക് യുഎഇ. പ്രവൃത്തി പരിചയം നൽകാൻ എൽ ബി എഫ് ഒരു വർഷം വരെ പരിശീലനം നൽകും എന്നറിയിച്ചതായി മന്ത്രി പറഞ്ഞു. എൽ ബി എഫിന് അമ്പതോളം മൾട്ടി നാഷണൽ കമ്പനികളുമായി ധാരണാപത്രം ഉണ്ട്. ഇവിടെയൊക്കെ മലയാളികൾക്ക് ജോലി ലഭിക്കാനുള്ള സാധ്യത ഒരുക്കും.