Pravasam

ആവണിപൊന്നോണം: അക്കാഫ് ഓണാഘോഷം നടത്തി

ദുബായ് > കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർത്ഥികളുടെ യുഎഇയിലെ കൂട്ടായ്മയായ അക്കാഫ് ഇവെന്റ്സ് ആവണിപൊന്നോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബായ് മില്ലേനിയം സ്കൂളിൽ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, അക്കാഫ് ഗ്ലോബൽ ഓണം ജനറൽ കൺവീനർ മനോജ് ജോൺ എന്നിവർ സംസാരിച്ചു. അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, ട്രെഷറർ ജൂഡിന് ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ വി, വൈസ് ചെയർമാൻ അഡ്വ ബക്കർ അലി, വൈസ് പ്രസിഡന്റ് അഡ്വ ആഷിക് തൈക്കണ്ടി, ശ്യാം, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് വനിത വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, കൾച്ചറൽ കോഓർഡിനേറ്റർ വി സി മനോജ് , പ്രോഗ്രാം എക്സ്കോം ശ്രീജ സുരേഷ്, കോമ്പറ്റിഷൻ കമ്മിറ്റി കൺവീനർ ഷെമിൻ റഫീഖ്, എക്സ്കോം അംഗം ഷെഫി, ഓണം ജോയിന്റ് ജനറൽ കൺവീനേഴ്സ് സൂരജ് , സജി പിള്ള, വിദ്യ പുതുശ്ശേരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.

സ്ഥലം മാറി പോകുന്ന ദുബായ് ഇന്ത്യൻ കോൺസുലാർ ജനറൽ ഡോ അമൻ പുരിക്ക് അക്കാഫ് യാത്രയയപ്പ് നൽകി. രാവിലെ ഏഴു മണി മുതൽ കലാമത്സരങ്ങൾക്ക് തുടക്കമായി. പൂക്കളമത്സരം, പായസമത്സരം, സംഘഗാനം, സംഘനൃത്തം, തിരുവാതിര, ഗ്ലോബൽ സ്റ്റാർ തുടങ്ങി നിരവധി കലാമത്സരങ്ങൾ നടന്നു. മത്സരാർഥികൾക്കു ക്യാഷ് പ്രൈസും മറ്റ് സമ്മാനങ്ങളും നൽകി.

ഒക്ടോബർ എട്ടിന് ഷാർജ എക്സ്പോ സെന്ററിൽ ആവണിപോന്നോണം കോളേജുകളുടെ ഘോഷയാത്രയും തൃക്കായ ബാൻഡിന്റെ ആദ്യ അവതരണവും സാംസ്കാരിക സമ്മേളനവും നടക്കും. സിനിമതാരം ഹണി റോസ് പങ്കെടുക്കും. അനൂപ് ശങ്കറും മൃദുല വാരിയറും ചേർന്നവതരിപ്പിക്കുന്ന ഗാനസന്ധ്യയും നടക്കും.