Politics

പിഎഫ്‌ പെൻഷനും ഓഹരിവിപണിക്ക്‌

കോവിഡ് മഹാമാരി മറയാക്കി തൊഴിലാളികളുടെ സർവ അവകാശങ്ങളും റദ്ദാക്കുമെന്ന വാശിയിലാണോ മോഡി സർക്കാർ. കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നീക്കങ്ങൾ കണ്ടാൽ ആരും ഇങ്ങനെ സംശയിച്ചുപോകും. ജനങ്ങൾക്ക് തൊഴിലും സാമൂഹ്യസുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ അവരെ അരക്ഷിതരും നിരാശ്രയരുമാക്കുന്ന നടപടികളാണ് നിരന്തരം കൈക്കൊള്ളുന്നത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) സാമൂഹ്യസുരക്ഷാ സ്വഭാവം ഇല്ലാതാക്കാൻ നടത്തുന്ന ശ്രമം ഈ തീവ്ര തൊഴിലാളിവിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഇപിഎഫ് പെൻഷൻ പദ്ധതിയുടെ സാമൂഹ്യസുരക്ഷാ സ്വഭാവം തകർത്ത് അതിനെ നാഷണൽ പെൻഷൻ പദ്ധതിക്ക് (എൻപിഎസ്) സമാനമാക്കി ഓഹരിവിപണിയുടെ ചാഞ്ചാട്ടത്തിന് എറിഞ്ഞുകൊടുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇപിഎഫ് കേന്ദ്ര ബോർഡ് യോഗത്തിൽ സിഐടിയുവും എഐടിയുസിയും ഉയർത്തിയ പ്രതിഷേധം കാരണം വിഷയം അടുത്ത യോഗത്തിലേക്ക് മാറ്റിയെന്നുമാത്രം.

കൂടുതൽ വിഹിതം നിക്ഷേപിക്കുന്നവർക്ക് ഉയർന്ന പെൻഷൻ നൽകാനെന്നുപറഞ്ഞ് ഇപിഎഫ് ബോർഡിന്റെ ഓൺലൈൻ യോഗത്തിൽ കൊണ്ടുവന്ന നിർദേശങ്ങൾ തീർത്തും തൊഴിലാളിവിരുദ്ധവും പെൻഷൻ പദ്ധതിയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതുമാണ്. പെൻഷൻ ഫണ്ട് ഒറ്റ അക്കൗണ്ടായി പരിഗണിച്ച് അതിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് പെൻഷൻ നൽകുന്ന രീതി ഉപേക്ഷിച്ച് വ്യക്തിഗത പെൻഷൻ അക്കൗണ്ട് ഏർപ്പെടുത്തുകയാണ് പ്രധാന നിർദേശം. വ്യക്തിഗത പെൻഷൻ അക്കൗണ്ടിൽ കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് ഉയർന്ന പെൻഷൻ ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് ഈ പണം ഓഹരിവിപണിയിലിറക്കും. ഇതോടെ രാജ്യത്തെ 65 വയസ്സുവരെയുള്ള ഏത് പൗരനും ചേരാവുന്ന നാഷണൽ പെൻഷൻ സ്കീമിന് സമാനമാകും ഇപിഎഫ് പെൻഷൻ പദ്ധതി. 65 വയസ്സാകുമ്പോൾ വിപണിയിലെ ഓഹരിമൂല്യമനുസരിച്ചാകും പെൻഷൻ ലഭിക്കുക. ഓഹരിവിപണി നിയന്ത്രിക്കുന്ന വൻകിട ഫണ്ട് മാനേജിങ് കമ്പനികൾക്ക് തൊഴിലാളികളുടെ പണം ഉപയോഗിച്ച് ലാഭം കൊയ്യാൻ അവസരമൊരുക്കുകയാണ് പ്രധാന ലക്ഷ്യം. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ശക്തമായ എതിർപ്പ് കാരണം മാറ്റിവച്ച നിർദേശങ്ങൾ ഓൺലൈൻ യോഗത്തിൽ പാസാക്കിയെടുക്കാനായിരുന്നു ശ്രമം.

തൊഴിലാളികൾക്ക് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ അനുവദിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സർക്കാരാണ് ഉയർന്ന പെൻഷന്റെ പേരിൽ പ്രലോഭിപ്പിക്കുന്നത്. തൊഴിലാളികളുടെ പരമാവധി ശമ്പളം 15000 രൂപയെന്ന് കണക്കാക്കിയാണ് ഇപ്പോൾ ഇപിഎഫ് പെൻഷൻ അനുവദിക്കുന്നത്. യഥാർഥ വേതനത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന് 2018ൽ കേരള ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. വിധി നടപ്പാക്കാത്തതിനെതിരെ കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയവർക്കുപോലും ഉയർന്ന പെൻഷൻ നൽകാൻ തയ്യാറായിട്ടില്ല. വിധിക്കെതിരെ കേന്ദ്ര സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ വിധി വരുന്നതുവരെ ഉയർന്ന പെൻഷൻ അനുവദിക്കേണ്ടെന്ന് അധികൃതർ നിർദേശം നൽകിയതായും സൂചനയുണ്ട്.

കേന്ദ്രവും വിവിധ സംസ്ഥാന സർക്കാരുകളും കോവിഡിന്റെ മറവിൽ എല്ലാ തൊഴിൽനിയമങ്ങളും തൊഴിലാളിവിരുദ്ധമായി മാറ്റിയെഴുതുകയാണ്. തൊഴിൽസമയം വർധിപ്പിക്കുക, വേതനം വെട്ടിക്കുറയ്ക്കുക, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ഒഴിവാക്കുക, പിരിച്ചുവിടലിന് നിയമപ്രാബല്യം നൽകുക, കരാർ തൊഴിൽ പ്രോൽസാഹിപ്പിക്കുക, സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുക എന്നിങ്ങനെ കനത്ത കടന്നാക്രമണമാണ് ബിജെപി–-കോൺഗ്രസ് സർക്കാരുകൾ നടത്തുന്നത്. ഒരു വശത്ത് തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്തും മറുവശത്ത് പ്രലോഭിപ്പിച്ചും തൊഴിലാളികൾക്കെതിരെ ദ്വിമുഖ ആക്രമണം സംഘടിപ്പിക്കുന്നു. ഇപിഎഫ് പദ്ധതി തകർക്കാനുള്ള കേന്ദ്ര നീക്കം ഇതിന്റെ പുതിയ പതിപ്പാണ്. ഓഹരിവിപണിയിൽ നിക്ഷേപിച്ച 1.03 ലക്ഷം കോടിയിൽ കാര്യമായ ലാഭം കിട്ടാതിരുന്നിട്ടും മോഡി സർക്കാർ പാഠം പഠിച്ചിട്ടില്ല. തൊഴിലാളിദ്രോഹം ഉപേക്ഷിച്ച് സുപ്രീംകോടതി ഉത്തരവനുസരിച്ച് ഉയർന്ന പെൻഷൻ നൽകാൻ കേന്ദ്രം തയ്യാറാകണം. അതിനായി ശക്തമായ പോരാട്ടം കൂടിയേ തീരൂ.