Kerala

ബിജെപി കൊണ്ടുവന്ന ബിൽ‌ കോൺഗ്രസിന്റെ കുഞ്ഞ്‌: പി രാജീവ്‌

കൊച്ചി
വോട്ടെടുപ്പുപോലും അനുവദിക്കാതെ മോഡിസർക്കാർ പാസാക്കിയ കർഷകവിരുദ്ധ ബില്ലുകൾ കോൺഗ്രസിന്റെകൂടി കുഞ്ഞാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് പറഞ്ഞു. തങ്ങൾ അധികാരത്തിൽ വന്നാൽ കാർഷികരംഗത്ത് ഈ നിയമഭേദഗതി വരുത്തുമെന്ന് 2019ലെ പ്രകടനപത്രികയിൽ എഴുതിവച്ച പാർടിയാണ് കോൺഗ്രസ്. പേരിനുപോലും പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മോഡിസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളത്ത് ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി രാജീവ്.

കോൺഗ്രസ് നടപ്പാക്കിത്തുടങ്ങിയ ആഗോളവൽക്കരണനയങ്ങളുടെ രണ്ടാംതലമുറ പരിഷ്കാരമായാണ് മോഡിസർക്കാർ ഈ ബില്ലുകൾ പാസാക്കിയത്. പാർലമെന്റിൽ ന്യൂനപക്ഷമാണെങ്കിലും ഇടതുപക്ഷമാണ് പോരാട്ടത്തിന് നേതൃത്വം നൽകുന്നത്. ആദ്യ മോഡിസർക്കാരിന്റെ കാലത്ത് രാഷ്ട്രപതിയുടെ നന്ദിപ്രമേയചർച്ചയിൽപ്പോലും ഇടതുപക്ഷം ഭേദഗതി വോട്ടെടുപ്പ് ആവശ്യപ്പെടുകയും പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ, കർഷകദ്രോഹ ബിൽ പരാജയപ്പെടുമെന്ന് ഉറപ്പായതുകൊണ്ടാണ് കേന്ദ്രസർക്കാർ വോട്ടെടുപ്പിനെ ഭയപ്പെട്ടത്. എന്നും ഒപ്പംനിന്നിട്ടുള്ള അകാലിദളും എഐഎഡിഎംകെയുംപോലും ഇക്കാര്യത്തിൽ സർക്കാരിനൊപ്പമില്ല.

കേരളത്തിൽ എൽഡിഎഫ് സർക്കാർ നെൽക്കൃഷിക്കാർക്ക് റോയൽറ്റിയും പച്ചക്കറികൾക്കുവരെ താങ്ങുവിലയും പ്രഖ്യാപിക്കുമ്പോഴാണ് ഇതിനുള്ള സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം ഇല്ലാതാക്കുന്നത്‐ രാജീവ് പറഞ്ഞു. മേനക ജങ്ഷനിൽ നടന്ന ബഹുജന കൂട്ടായ്മയിൽ പാർടി ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി.