തിരുവല്ല: സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗമായ ഡോ. ടി.എൻ. തോമസ് ഐസക്കിനെ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തില്‍ തോല്പിക്കുന്നതിനായി ഒരുവിഭാഗം നേതാക്കള്‍ പ്രവർത്തിച്ചതായി ലോക്കല്‍ കമ്മിറ്റി പ്രവർത്തന റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവല്ല ടൗണ്‍ നോർത്ത് എല്‍.സി.യുടെ റിപ്പോർട്ടിലാണ് പാർട്ടിയിലെ വിഭാഗീയത വ്യക്തമാക്കുന്ന പരാമർശം. അടുത്തിടെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ഫ്രാൻസിസ് വി.ആന്റണി, ഏരിയ കമ്മിറ്റിയംഗം ആർ. മനു, മഹിള അസോസിയേഷൻ നേതാവ് അനു വി.ജോണ്‍ തുടങ്ങിയവർ ഐസക്കിന്റെ തോല്‍വിക്കായി പ്രവർത്തിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. രണ്ട് പീഡനക്കേസുകളില്‍പ്പെട്ടതിനെത്തുടർന്ന് മുൻ എല്‍.സി. സെക്രട്ടറി സി.സി. സജിമോനെ പാർട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള നേതാക്കളാണ് വിഷയം 2023-ല്‍ ഏരിയ കമ്മിറ്റിയില്‍ റിപ്പോർട്ട് ചെയ്തത്. ഈ യോഗം അലങ്കോലപ്പെടുത്താൻ നേതാക്കള്‍ ശ്രമിച്ചു. നോർത്ത് ലോക്കല്‍ കമ്മിറ്റിയില്‍ പാർട്ടി രണ്ട് വിഭാഗങ്ങളായാണ് നില്‍ക്കുന്നതെന്നും പരാമർശിച്ചിട്ടുണ്ട്.
തിരുവല്ലയില്‍ സി.പി.എം. നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കണക്കുകള്‍ സുതാര്യമാക്കണമെന്ന ആവശ്യവുമുണ്ട്. കടുത്ത വിഭാഗീയതയെത്തുടർന്ന് എല്‍.സി. സമ്മേളനം രണ്ടുവട്ടം നിർത്തിയിരുന്നു. പ്രതിനിധികള്‍ക്ക് നല്‍കിയ റിപ്പോർട്ടിലെ വിമർശനം ചർച്ചയാകാതിരിക്കാൻ അത് തിരിച്ചുവാങ്ങിയിരുന്നു. ഡിസംബർ 11-നാണ് തിരുവല്ല ഏരിയ സമ്മേളനം നടക്കുന്നത്. അതിനുമുമ്ബായി ടൗണ്‍ നോർത്ത് ലോക്കല്‍ സമ്മേളനം തീരണം.
Add Comment