മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ് മോഹൻലാൽ – ശോഭന കോംബോ. നിരവധി ഹിറ്റ് സിനിമകളിൽ ഒന്നിച്ച ഇവർ വീണ്ടും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണ് ‘തുടരും’. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി അണിയറപ്രവർത്തകർ പങ്കിട്ട പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റേതായി പുറത്തു വിടുന്ന അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ശോഭന പങ്കിട്ട ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മോഹൻലാൽ അദ്ദേഹത്തിന്റെ തിയേറ്റർ വർക്കുകൾ ഫോണിൽ കാണിക്കുന്ന ചിത്രമാണ് ശോഭന പങ്കിട്ടിരിക്കുന്നത്. പ്രതിഭയ്ക്കൊപ്പമുള്ള നിമിഷങ്ങൾ എന്നാണ് ചിത്രത്തിന് ശോഭന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് ആരാധകർ ഏറ്റെടുത്തത്. ഇവർ ഒന്നിച്ച പഴയ സിനിമകളിലെ ഐകോണിക് ഡയലോഗുകളാണ് കമ്മന്റായി ആരാധകർ പോസ്റ്റിന് താഴെ പങ്കുവെച്ചത്.
ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവർ ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. പുതിയ ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലെത്തും.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
Add Comment