Politics

സമ്മേളനങ്ങളിലെ കൊടും വിഭാഗീയതയിൽ പകച്ച് സിപിഎം

സമ്മേളനകാലത്ത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വിഭാഗീയത. ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് സമവായമുണ്ടാക്കാൻ നോക്കിയിട്ടും പത്തനംതിട്ട ജില്ലയിലെ സി.പി.എം.

വിഭാഗീയതയെ നിയന്ത്രിക്കാനാകുന്നില്ലെന്നാണ് വിലയിരുത്തല്‍. ഏരിയാ കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തില്‍ തോറ്റയാള്‍, ഫെയ്സ്ബുക്കില്‍ നടത്തിയ ‘കാളക്കൂറ്റൻ’ പ്രയോഗമാണ് ഒടുവിലത്തെ ഉദാഹരണം.

കൊടുമണ്‍ ഏരിയാ കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തില്‍ പരാജയപ്പെട്ട കെ.പ്രസന്നകുമാറാണ് തന്റെ തോല്‍വിക്കു പിന്നില്‍ വലിയ ശക്തികളുണ്ടെന്ന ധ്വനിപ്പിക്കുന്ന തരത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ‘ കാളക്കൂറ്റൻ സർവസന്നാഹങ്ങളുമായി കളത്തിലിറങ്ങിയാല്‍ സാധുക്കള്‍ക്ക് പിടിച്ചു നില്‍ക്കാൻ കഴിയുമോ’ എന്നായിരുന്നു പോസ്റ്റ്.

ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ സ്വന്തം ഏരിയാ കമ്മിറ്റിയായ കൊടുമണ്ണില്‍, മത്സരം ഒഴിവാക്കാൻ അദ്ദേഹം പൂർണ സമയം സമ്മേളനത്തില്‍ ചെലവഴിച്ചിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നിട്ടും മത്സരം ഒഴിവാക്കാൻ കഴിഞ്ഞില്ല. ജില്ലാ സെക്രട്ടറിയുടെ അനുഭാവിയായ ആർ.ബി.രാജീവ് കുമാറിനെ ജയിപ്പിക്കാൻ കഴിഞ്ഞെങ്കിലും, സമ്മേളനപ്പിറ്റേന്ന് തന്നെ തോറ്റയാളിന്റെ പോസ്റ്റ് വന്നത് വിഭാഗീയത അടങ്ങുന്നില്ലെന്നതിന്റെ തെളിവായി മാറി.

കാളക്കൂറ്റൻ പ്രയോഗം ആരെയാണ് ഉദ്ദേശിച്ചതെന്ന് പോസ്റ്റിട്ടയാള്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ കമന്റുകളില്‍ നിന്ന് വ്യക്തവുമാണ്.