Tech

ഐഫോണുകാരേ.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ.., പണി വരുന്നുണ്ട്

ഐഫോൺ ഉപയോക്താക്കൾ ലോകവ്യാപകമായി ഉപയോ​ഗിക്കുന്ന ഒന്നാണ് ആപ്പിളിന്റെ ഐമെസേജസ്. ഇത് സുരക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം. എന്നാൽ ഈ വാദങ്ങളെ പൊളിച്ചെഴുതുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഐമെസേജുകളിലേക്ക് നുഴഞ്ഞുകയറാൻ ഹാക്കർമാർ പുതിയ കുറുക്കുവഴി കണ്ടെത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് ആപ്പിളിന്റെ ഫിഷിം​ഗ് പ്രൊട്ടക്ഷൻ ടൂളുകളെ പ്രവർത്തനരഹിതമാക്കുന്നതിന് കാരണമാകും. ഇതോടെ സൈബർ കുറ്റവാളികൾക്ക് വിവിധ ലിങ്കുകൾ ഉൾപ്പെടെയുള്ളവ ഉപയോക്താവിന് അയയ്ക്കാനും ഡേറ്റ ചോർത്തുന്നതിനും കാരണമാകും. ഏറെക്കാലമായി ആൻഡ്രോയിഡ് ഉപയോക്താക്കൾ നേരിടുന്ന പ്രതിസന്ധികളിലൊന്നായിരുന്നു ഇത്. ഇപ്പോൾ ഐഫോൺ ഉപയോക്താക്കളും ഭയപ്പെടണമെന്ന് സാരം.

ടെക്നോളജി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ബ്ലീപ്പിങ് കംപ്യൂട്ടർ എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സുഹൃത്തോ ബന്ധുക്കളോ ആണെന്ന വ്യാജേന മെസേജ് അയച്ച് ഉപയോക്താവിനെ കബളിപ്പിച്ച ശേഷം ലിങ്ക് കൈമാറുന്നതാണ് കുറ്റകൃത്യത്തിന്റെ രീതി. ഈ ലിങ്ക് തുറക്കുന്നതോടെ ഐഒഎസ് സോഫ്റ്റ് വെയറിലെ ഫിഷിം​ഗ് പ്രൊട്ടക്ഷൻ ടൂൾ ഓഫ് ചെയ്യപ്പെടും. ഇത് വഴി ഐ മെസേജിലേക്ക് സൈബർ കുറ്റവാളിക്ക് കൂടുതൽ അപകടകാരികളായ ലിങ്കുകൾ അയക്കാനും ഇതുവഴി ഉപയോക്താവിന്റെ ഡേറ്റ കൈവശപ്പെടുത്താനും സാധിക്കും. ലിങ്ക് തുറന്നാലല്ലേ പ്രശ്നം, തുറക്കാതിരിക്കാമല്ലോ, അല്ലേ? അല്ല. ലിങ്ക് തുറക്കുന്നത് മാത്രമല്ല ഇവിടെ പ്രശ്നം. നിങ്ങൾക്ക് സന്ദേശമയക്കുന്ന വ്യക്തിക്ക് തിരിച്ച് മറുപടി കൊടുക്കുന്നതും വിനയാകും.

ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും വരുന്ന മെസേജുകൾ പരമാവധി തുറന്നുനോക്കാതെയിരിക്കുക. പരിചയമില്ലാത്തവർക്ക് മെസേജ് അയക്കുന്നതും ഒഴിവാക്കാം. ഐമെസേജുകളിലേക്ക് ഏതെങ്കിലും തരത്തിൽ വരുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം കൃത്യമായി വായിച്ച് മനസിലാക്കിയ ശേഷം മാത്രം പ്രതികരിക്കുക. പരമാവധി മെസേജിനൊപ്പം വരുന്ന ലിങ്കുകൾ തുറക്കാതിരിക്കുന്നതാകും ബുദ്ധി.