India

വിദ്യാർത്ഥിയെ വിവാ​ഹം കഴിക്കുന്ന വീഡിയോ പ്രചരിച്ചതോടെ രാജി പ്രഖ്യാപിച്ച് അധ്യാപിക

കൊൽക്കത്ത: വിദ്യാർത്ഥിയെ ക്ലാസ് മുറിയില്‍ വിവാ​ഹം കഴിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജി പ്രഖ്യാപിച്ച് അധ്യാപിക. സർവകലാശാലയുമായി ഇനി ബന്ധം തുടരാൻ സാധിക്കില്ലെന്നും രാജിവെക്കുന്നുവെന്നുമാണ് അധ്യാപികയുടെ പ്രതികരണം.

ബംഗാളിലെ മൗലാനാ അബ്ദുൽ കലാം സർവകലാശാലയിലെ അധ്യാപികയായ പായൽ ബാനർജിയാണ് വിദ്യാർത്ഥിക്കൊപ്പം വിവാഹചടങ്ങുകൾ നടത്തുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ക്ലാസ് മുറിയില്‍ വെച്ചാണ് വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ വിവാഹിതരാകുന്ന നിലയിലുള്ള വീഡിയോ ചിത്രീകരിക്കുന്നത്. ഇരുവരും തമ്മിൽ ആദ്യം പൂമാല കൈമാറുകയും തുടർന്ന് വിദ്യാർത്ഥി അധ്യാപികയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും വീഡിയോയിലുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപികയോട് അവധിയിൽ പോകാൻ നേരത്തെ കോളേജ് അധികൃതർ നിർദേശിച്ചിരുന്നു.

വിമർശനങ്ങൾ കടുത്തതോടെ വീഡിയോയിലുള്ളത് ഫ്രഷേഴ്സ് ദിനത്തിലേക്ക് നടത്തുന്ന നാടകത്തിന്റെ ഭാ​ഗമാണെന്ന വാദവുമായി അധ്യാപിക രം​ഗത്തെത്തിയിരുന്നു. വീഡിയോ വിവാദമാകുമെന്ന് അറിഞ്ഞില്ലെന്നും വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ തന്നോട് വ്യക്തിവൈരാ​ഗ്യമുള്ള ചിലരാണെന്നും ഇവർ കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പായൽ പറഞ്ഞു. അതേസമയം വീഡിയോയിൽ അന്വേഷണം നടത്താൻ മൂന്നം​ഗ സമിതിയെ അധികൃതർ നിയോ​ഗിച്ചിട്ടുണ്ട്.