ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി നാഗ്പൂരിൽ നടന്ന പ്രീ മാച്ച് വാർത്താ സമ്മേളനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. കരിയർ ഊഹാപോഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്കും ശേഷമുള്ള ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കും താനുണ്ടാകുമ്പോൾ എന്തിനാണ് റിട്ടയർമെന്റിനെ കുറിച്ച് ചോദിക്കുന്നതെന്ന് രൂക്ഷമായ ഭാഷയിൽ രോഹിത് പ്രതികരിച്ചു.
രോഹിത്തിന്റെ കരിയറിൽ ബിസിസിഐ തീരുമാനമെടുക്കാൻ ഒരുങ്ങുന്നതായി സൂചനകൾ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വാർത്താ സമ്മേളനത്തിൽ അതിനോടനുബന്ധിച്ച ചോദ്യം ഉയർന്നത്. ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഭാവി സംബന്ധിച്ച് വ്യക്തതവരുത്തണമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ബി സി സി ഐ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2027 ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും മുന്നില്‍ കണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ നടപടി.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഇംഗ്ലണ്ടിനെ ടി20 പരമ്പരയിൽ 4-1ന് പരാജയപ്പെടുത്തിയ ശേഷം വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ഏകദിന ടീമിന്റെ നായകസ്ഥാനം രോഹിത് ഏറ്റെടുത്തിരുന്നു. ഈ സീസണിന്റെ തുടക്കം മുതൽ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുകയാണ് രോഹിത്.
ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ അഞ്ച് ടെസ്റ്റ് ഇന്നിങ്‌സുകളിൽ നിന്ന് വെറും 31 റൺസ് മാത്രമാണ് താരം നേടിയത്, അതിനുശേഷം അദ്ദേഹത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനുശേഷം രോഹിത് ടി20യിൽ നിന്ന് വിരമിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം നാളെയാണ് ആരംഭിക്കുന്നത്. പരമ്പര ഫെബ്രുവരി 12 ന് അവസാനിക്കും. ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 ന് പാകിസ്താനിൽ ആരംഭിക്കും. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ടൂർണമെന്റ് ഹൈബ്രിഡ് ആയി മാറിയതിനാൽ ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിക്കുക.
Add Comment