Pravasam Qatar

മലയാളി യാത്രാ വ്‌ളോഗര്‍ ദില്‍ഷാദ് യാത്രാ ടുഡേയ്ക്ക് റേസിങ്ങിനിടെ പരിക്ക്

ദോഹ: മലയാളി യാത്രാ വ്‌ളോഗര്‍ ദില്‍ഷാദ് യാത്രാ ടുഡേയ്ക്ക് റേസിങ്ങിനിടെ പരിക്ക്. ഖത്തറിലെ മരുഭൂമിയില്‍ വെച്ച് റേസിങ്ങിനിടെയാണ് പരിക്ക്. ഇന്നലെ വൈകിട്ട് ഇന്‍ലാന്‍ഡ് മരുഭൂമിയിലാണ് സംഭവം. ഓഫ് റോഡ് ബൈക്കില്‍ നടത്തിയ റേസിനിടെയാണ് ദില്‍ഷാദിന് പരിക്കേറ്റത്. ഉടന്‍ തന്നെ ആംബുലന്‍സ് എത്തി അടിയന്തര ചികിത്സ നല്‍കുകയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ദില്‍ഷാദിന്റെ പരിക്ക് ഗുരുതരമല്ല.

ചൊവ്വാഴ്ച ഖത്തറിലെത്തിയ ദില്‍ഷാദ് സുഹൃത്തിനൊപ്പമാണ് കഴിഞ്ഞ ദിവസം ഡെസേര്‍ഡ് റേസിന് പുറപ്പെട്ടത്. മരുഭൂമിയിലെ ഡ്യൂണുകളിലൂടെയുള്ള റേസിനിടെ നിയന്ത്രണം തെറ്റിയായിരുന്നു അപകടം സംഭവിച്ചത്. യാത്രാ ടുഡേ എന്ന തന്റെ ചാനലിലൂടെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന വ്‌ളോഗറാണ് ദില്‍ഷാദ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗ്രാമങ്ങളിലൂടെ നടത്തിയ വേറിട്ട യാത്രകളിലൂടെയാണ് ദില്‍ഷാദ് ശ്രദ്ധേയനായത്. ലോകമെങ്ങും നിരവധി ആരാധകരാണ് ദില്‍ഷാദിനുള്ളത്.

കഴിഞ്ഞ വര്‍ഷം കെനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലായി 13 കിണറുകള്‍ കുഴിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരമൊരുക്കി ലോകസഞ്ചാരത്തെ വേറിട്ട അനുഭവമാക്കി ശ്രദ്ധ നേടിയിട്ടുണ്ട്. ഥാറുമായും ബുള്ളറ്റുമായാണ് ദില്‍ഷാദ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യാത്ര നടത്താറ്.