Politics

മുരളീധരൻ കേന്ദ്രമന്ത്രി പദത്തിൽ തുടരരുത്

തിങ്കളാഴ്ച ആരംഭിച്ച പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽത്തന്നെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട വലിയൊരു സത്യം ഒട്ടും അവ്യക്തതയില്ലാതെ വെളിപ്പെട്ടു. ഇതോടെ, കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ചു പറയുന്ന പെരുംനുണ പൊളിഞ്ഞുവീണിരിക്കുന്നു. യുഎഇയിൽനിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലാണെന്ന് കേന്ദ്രധന സഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

നയതന്ത്രബാഗിൽ സ്വർണമുണ്ടെന്ന് സംശയിക്കുന്നതായി കൊച്ചിയിലെ കസ്റ്റംസ് കമീഷണർ ജൂലൈയിൽ വിദേശമന്ത്രാലയത്തെ അറിയിച്ചെന്നാണ് ധനമന്ത്രാലയത്തിനുവേണ്ടി ഠാക്കൂർ പാർലമെന്റിൽ പറഞ്ഞത്. വിദേശ സഹമന്ത്രിയായ മുരളീധരൻ തുടക്കംമുതൽ പറയുന്നത് നയതന്ത്രബാഗിലല്ലെന്നും. അപ്പോൾ, കേന്ദ്ര സർക്കാർതന്നെ മുരളീധരനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ധനസഹമന്ത്രി പറഞ്ഞത് പുതിയ വിവരമല്ല. നേരത്തേതന്നെ വെളിപ്പെട്ട സത്യമാണ്. ഇപ്പോൾ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയോടെ ആ സത്യം ആർക്കും നിഷേധിക്കാനാകാത്തവിധം അംഗീകരിക്കപ്പെട്ടിരിക്കുന്നു.

കേസിന്റെ തുടക്കംമുതൽ ഉയർന്ന ഒരു ചോദ്യം ഇതോടെ ബലപ്പെടുന്നുണ്ട്. അത് ന്യായമായ ചോദ്യവുമാണ്. എന്തിനാണ് നയതന്ത്രബാഗല്ലെന്ന് മുരളീധരൻ ആദ്യംമുതൽ പറയുന്നത്? കള്ളക്കടത്ത് പിടിച്ചതിന്റെ പിറ്റേന്നുതന്നെ മുരളീധരൻ ഇത് പറഞ്ഞു. പിന്നെ ചാനൽചർച്ചകളിലും മാധ്യമങ്ങളിലുമെല്ലാം മുരളീധരൻ ഇക്കാര്യം ആവർത്തിച്ചുകൊണ്ടിരുന്നു.

അന്വേഷണം വഴിതിരിച്ചുവിടാനും അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു മന്ത്രിയുടെ ശ്രമം. ആരെയോ രക്ഷിക്കാനാണ് മന്ത്രിയുടെ ലക്ഷ്യമെന്ന് വ്യക്തം. കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന്റെ 108 വകുപ്പുപ്രകാരം നൽകിയ മൊഴിയും ഇതിനൊപ്പം ചേർത്ത് വായിക്കണം. നയതന്ത്രബാഗിലല്ല സ്വർണം വന്നതെന്ന് യുഎഇ കോൺസുലേറ്റിനെക്കൊണ്ട് പ്രസ്താവന ഇറക്കിച്ചാൽ കേസിൽനിന്ന് ഒഴിവാക്കിത്തരാമെന്ന് ജനം ടിവി കോ––ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ പറഞ്ഞെന്നാണ് ആ മൊഴി. ആർക്കുവേണ്ടിയാണ് അനിൽ നമ്പ്യാർ അങ്ങനെ ആവശ്യപ്പെട്ടത്? കസ്റ്റംസ് വകുപ്പുപ്രകാരം നിയമസാധുതയുള്ള, കോടതി അംഗീകരിക്കുന്ന ആ മൊഴി കൃത്യമായി അന്വേഷിക്കണം.

ഇവിടെ ഒരു സത്യംകൂടി കൃത്യമായി വെളിപ്പെടുന്നുണ്ട്. നയതന്ത്രബാഗല്ലെന്ന് പറഞ്ഞത് മുരളീധരനും അനിൽ നമ്പ്യാരുമാണെന്ന വിവരമാണ് അത്. മുരളീധരൻ പറഞ്ഞത് നേരിട്ടാണെങ്കിൽ അനിൽ നമ്പ്യാരുടെ ആവശ്യം വെളിപ്പെടുന്നത് സ്വപ്നയുടെ നിയമസാധുതയുള്ള മൊഴിയിലൂടെയാണെന്ന വ്യത്യാസംമാത്രമേയുള്ളൂ. അനിൽ നമ്പ്യാരെ ചോദ്യംചെയ്യുന്ന ദിവസങ്ങളിൽ മുരളീധരൻ കേരളത്തിൽ തമ്പടിച്ചതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ചൊക്കെ അന്വേഷണ ഏജൻസികളുടെ സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്.

സ്വർണം കൊണ്ടുവന്നത് നയതന്ത്രബാഗിലാണെന്ന് കസ്റ്റംസ് വിദേശമന്ത്രാലയത്തെ അറിയിച്ചെന്നാണല്ലോ കേന്ദ്ര സർക്കാർ രേഖാമൂലം ലോക്സഭയിൽ വ്യക്തമാക്കിയിരിക്കുന്നത്. അപ്പോൾ, വിദേശ സഹമന്ത്രിയായ മുരളീധരൻ കാര്യങ്ങൾ നേരത്തേതന്നെ അറിഞ്ഞിട്ടുണ്ട്. അറിഞ്ഞിട്ടും നുണ പറയുകയായിരുന്നുവെന്നത് ലളിതമായ സത്യം. കേന്ദ്രമന്ത്രിസഭാംഗം എന്ന നിലയിൽ അദ്ദേഹം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ലംഘിച്ചിരിക്കുന്നെന്നാണ് ഇവിടെ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ, ഒരു നിമിഷം വൈകാതെ മുരളീധരൻ രാജിവച്ച് ഒഴിയണം.

നയതന്ത്രബാഗല്ലെന്ന മുരളീധരന്റെ നിലപാടിനെക്കുറിച്ച് കേരളത്തിലെ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ഒന്നും മിണ്ടുന്നില്ലെന്നതും പ്രധാനം. കോൺഗ്രസ് ഇതേക്കുറിച്ച് ഇതുവരെ മിണ്ടിയിട്ടില്ല. നയതന്ത്രബാഗേജുതന്നെയെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടും പല മാധ്യമങ്ങൾക്കും അത് പ്രധാന വാർത്തയേ അല്ല. ചാനലുകളിൽ അതേക്കുറിച്ച് ചർച്ചയുമില്ല. വാസ്തവത്തിൽ, അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ മാധ്യമങ്ങൾ സ്വർണക്കടത്ത് വിട്ട് മറ്റ് കഥകളുണ്ടാക്കാൻ മെനക്കെടുകയാണ്.

അനുരാഗ് സിങ് ഠാക്കൂർ പാർലമെന്റിൽ നൽകിയ മറുപടിയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മറ്റു ചില വിവരങ്ങൾകൂടിയുണ്ട്. 2015 മുതൽ 2020 ആഗസ്തുവരെയുള്ള അഞ്ചുവർഷത്തിൽ 3122. 82 കോടി രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നതാണ് അതിലൊരു കാര്യം. കൊണ്ടുവന്നത് 11,049 കിലോ സ്വർണം. കള്ളക്കടത്തിന് 8401 പേർക്കെതിരെ കേസെടുത്തു. മൊത്തം 16,555 കേസ്. ഈ കേസുകളിൽ ഒരെണ്ണംമാത്രമാണ് എൻഐഎ അന്വേഷിക്കുന്നത്. അത്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതുകൊണ്ടാണെന്നും എല്ലാവരും അറിയണം. മറ്റൊരു കേസിലും എൻഐഎ അന്വേഷിക്കുന്നില്ല.

ഭാവനയും ദുഷ്ടബുദ്ധിയും ചേർത്ത് കെട്ടുകഥകളും വിവാദങ്ങളും സൃഷ്ടിക്കൽമാത്രമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. ഇടതുപക്ഷത്തെ തകർക്കുകയെന്ന സംഘ പരിവാർ അജൻഡയാണ് ഇതിനു പിന്നിൽ

ഈ ഗൗരവമായ വിഷയങ്ങളൊന്നും സംസ്ഥാനത്തെ പ്രതിപക്ഷത്തിനോ വലിയൊരുവിഭാഗം മാധ്യമങ്ങൾക്കോ ചർച്ചാവിഷയമല്ല. സ്വർണം ആര് കൊടുത്തുവിട്ടു, ആർക്കുവേണ്ടി കൊണ്ടുവന്നു എന്നീ കാര്യങ്ങളും അവർ ചോദിക്കുന്നേയില്ല. ഭാവനയും ദുഷ്ടബുദ്ധിയും ചേർത്ത് കെട്ടുകഥകളും വിവാദങ്ങളും സൃഷ്ടിക്കൽമാത്രമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. ഇടതുപക്ഷത്തെ തകർക്കുകയെന്ന സംഘ പരിവാർ അജൻഡയാണ് ഇതിനു പിന്നിൽ.

ഇടതുപക്ഷത്തിനെതിരായ ആക്രമണത്തിന്റെ കുന്തമുന എപ്പോഴും സിപിഐ എമ്മിനു നേരെയാണ്. ഹിന്ദുരാഷ്ട സ്ഥാപനത്തിനായി നീങ്ങുന്ന ഇന്ത്യൻ ഭരണകൂടംതന്നെയാണ് ഈ ആക്രമണത്തിന് നേതൃത്വം നൽകുന്നത്. കാരണം, ഹിന്ദുത്വ അജൻഡകൾക്കെതിരായ ശക്തമായ എതിർപ്പിന് കരുത്ത് പകരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്, സിപിഐ എമ്മാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഇടതുപക്ഷമുയർത്തുന്ന വെല്ലുവിളി ചെറുതല്ല. ആ ഇടതുപക്ഷത്തിന്റെ ഇന്ത്യയിലെ ഏക സർക്കാരാണ് കേരളത്തിലേത്. അതിനെ തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

അധികാരം ലക്ഷ്യമിട്ട് കേരളത്തിലെ കോൺഗ്രസും ലീഗും അതിന് അരുനിൽക്കുന്നു. പല കാര്യങ്ങളിലും സുരേന്ദ്രനും ചെന്നിത്തലയ്ക്കും ലീഗിനും ഒരേ സ്വരമാകുന്നതും ഇതിന്റെ ഭാഗംതന്നെ. സ്വർണക്കടത്തിലെ രാജ്യദ്രോഹക്കുറ്റം അന്വേഷിക്കുന്നതിലോ കുറ്റവാളികളെ മുഴുവൻ കണ്ടെത്തുന്നതിലോ അവർക്ക് താൽപ്പര്യമില്ല. ആരെയൊക്കെയോ സംരക്ഷിക്കാനാണ് ഇവർ ശ്രമിക്കുന്നത്. നയതന്ത്ര ബാഗേജല്ലെന്ന് വി മുരളീധരൻ പറഞ്ഞതിനെ ചെന്നിത്തല ഒരിക്കലും എതിർത്തുകണ്ടില്ല.

v