Kerala

ഇ- ചെലാന്‍ പദ്ധതിക്ക് തുടക്കം ; ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ്‌ സംവിധാനം ഉടന്‍

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽനിന്ന് ഓൺലൈനായി പിഴ ഈടാക്കാനുള്ള ഇ- ചെലാൻ സംവിധാനം നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം സ്ഥാപിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന കൺട്രോൾ റൂമിൽ നമ്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്നവ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 3000 ക്യാമറ ബന്ധിപ്പിക്കും.

വാഹനപരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണ് ഇ ചെലാൻ. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിലുണ്ടാകുക. ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേക ഉപകരണത്തിൽ വാഹനത്തിന്റെയോ ഡ്രൈവിങ് ലൈസൻസിന്റെയോ നമ്പർ നൽകിയാൽ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കാം. ഇത്തരം സംവിധാനങ്ങൾ ഇല്ലാത്തവർക്ക് പിഴ അടയ്ക്കാൻ പ്രത്യേകം സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ഡിജിറ്റൽ സംവിധാനമായതിനാൽ പരാതിക്കും അഴിമതിക്കും പഴുതുണ്ടാകില്ല. കേസുകൾ വെർച്വൽ കോടതിയിലേക്ക് കൈമാറാനും സാധിക്കും. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയത്. ഫെഡറൽ ബാങ്ക്, ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണവുമുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി ഐജി ജി ലക്ഷ്മൺ എന്നിവർ പങ്കെടുത്തു.