കണ്ണൂർ: കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ്റെ തുടിപ്പ് കണ്ടെത്തിയ സംഭവം വിവരിച്ച് എകെജി ആശുപത്രി മോർച്ചറി അറ്റൻഡർ ജയൻ. മരിച്ചെന്ന് പറഞ്ഞെത്തിയ ആൾക്ക് ജീവൻ വയ്ക്കുന്നത് തൻ്റെ ആദ്യത്തെ അനുഭവമാണെന്ന് ജയൻ പറഞ്ഞു. മരിച്ചെന്ന് ഉറപ്പിച്ചാണ് പവിത്രനെ ബന്ധുക്കൾ മോർച്ചറിയിൽ കൊണ്ടുവന്നത്. മരണം ഉറപ്പിച്ചതിൻ്റെ രേഖകൾ വാങ്ങുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ലായെങ്കിലും ഫ്രീസർ അടക്കം തയ്യാറാക്കിവെച്ചിരുന്നു. ഫ്രീസർ തയ്യാറാക്കി വെക്കാൻ ബന്ധുക്കളാണ് പറഞ്ഞത്. പക്ഷെ മോർച്ചറി വാതുക്കൽ വെച്ച് മൃതദേഹം പുറത്തിറക്കാനിരിക്കെ കയ്യിൽ അനക്കം കണ്ടു അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം മറ്റുള്ളവരെ അറിയിച്ചെതെന്നും അറ്റൻഡർ ജയൻ പറഞ്ഞു.
കണ്ണൂർ പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് മരിച്ചെന്ന് കരുതി അറ്റൻഡർ ജയൻ മോർച്ചറിയിലേക്ക് കൊണ്ടുപോയത്. മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെയാണ് ഇന്നലെ രാത്രി കണ്ണൂരിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിൻ്റെ ഭാഗമായിയായിരുന്നു ആശുപത്രിയിൽ മോർച്ചറി അനുവദിച്ചത്. ഇയാളെ മോർച്ചറിയിലേക്ക് മാറ്റുമ്പോൾ അറ്റൻഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തൊട്ടുപിന്നാലെ രോഗിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പവിത്രൻ മരിച്ചെന്ന് ദിനപത്രങ്ങളിലും വാർത്ത വന്നിരുന്നു.
Add Comment