Food

ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കൂ… ഗുണങ്ങള്‍ പലതുണ്ട്

വണ്ണം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ആഗ്രഹിക്കുന്നവര്‍ എപ്പോഴും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണമെന്ന് പറയാറുണ്ട്. പക്ഷേ ഇന്ന് മുതല്‍ ഞാന്‍ മധുരത്തിന്റെ ഉപയോഗം കുറയ്ക്കും, കൈകൊണ്ട് തൊടില്ല എന്നൊക്കെ പറഞ്ഞാലും മധുരം കാണുമ്പോള്‍ അതിലേക്ക് കൈയും മനസും ഒരുപോലെ പോവുകയും ചെയ്യും. പക്ഷേ ആ പ്രവണത എങ്ങനെ മാറ്റി എടുക്കാം എന്നതിന് ചില വഴികളുണ്ട്. നമ്മള്‍ വിചാരിക്കുന്നതുപോലെ മധുര പലഹാരങ്ങളില്‍ മാത്രമല്ല പഞ്ചസാര അടങ്ങിയിട്ടുള്ളത്.

കെച്ചപ്പ്, സാലഡ് ഡ്രെസിംഗുകള്‍, ബാര്‍ബിക്യു സോസുകള്‍, ധാന്യങ്ങള്‍, റൊട്ടി, തവിടുള്ള ബ്രഡ്, മഫിന്‍, ധാന്യങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, പ്രോട്ടീന്‍ ബാറുകള്‍, നട്ട് ബാറുകള്‍, ജ്യൂസുകള്‍, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ ഇവയിലൊക്കെ പഞ്ചസാര അടങ്ങിയിട്ടുണ്ട്.

ദി ഡയറ്റ് എക്‌സ്‌പെര്‍ട്‌സിന്റെ സിഇഒയും ഹെഡ് ഡയറ്റീഷ്യനുമായ സിമ്രത് കതൂരിയ പറയുന്നത് അനുസരിച്ച്, സാധാരണ ദൈനംദിന ഭക്ഷണങ്ങളായ പാസ്ത സോസുകള്‍, ഗ്രാനോള ബാറുകള്‍, തൈര് ഇവയിലൊക്കെ പഞ്ചസാര അടങ്ങിയിരിക്കുന്നുവെന്നാണ്. പ്രോട്ടീന്‍ പാനീയങ്ങള്‍, ബ്രഡ് തുടങ്ങി ആരോഗ്യകരമെന്ന് വിശ്വസിക്കുന്ന ഭക്ഷണവസ്തുക്കളില്‍ പോലും പഞ്ചസാരയുടെ അംശമുണ്ട്.

എങ്ങനെ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം?

  • പഴവര്‍ഗങ്ങള്‍ പോലെയുളളവ ഭക്ഷണത്തില്‍ ഉപയോഗപ്പെടുത്താം. ജ്യൂസുകള്‍ തയ്യാറാക്കുമ്പോള്‍ പഞ്ചസാര ഇടാതെ തന്നെ അത് തയ്യാറാക്കി കുടിയ്ക്കാവുന്നതാണ്.
  • കുറഞ്ഞ അളവില്‍ പ്രോസസ് ചെയ്ത ഭക്ഷണം തിരഞ്ഞെടുക്കുന്നതും ഭക്ഷണപദാര്‍ഥങ്ങള്‍ വാങ്ങുമ്പോള്‍ ചേരുവകളുടെ പട്ടിക സൂക്ഷ്മമായി പരിശോധിക്കുന്നതും പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് നല്ല മാര്‍ഗ്ഗമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, എന്നിവയുള്‍പ്പെടുന്ന മുഴുവന്‍ ഭക്ഷണങ്ങളിലും പ്രകൃതിദത്ത പഞ്ചസാരയും പോഷക ഘടകങ്ങളും കാണപ്പെടുന്നു. ഇത് അവയെ പ്രോസസ് ചെയ്ത ഭക്ഷണങ്ങളെക്കാള്‍ മികച്ചതാക്കുന്നു.
  • NIIMS മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യന്‍ ഡോ. പ്രീതി നഗര്‍ പറയുന്നതനുസരിച്ച് പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര, തേന്‍ എന്നിവ ഉപയോഗിക്കാം. മധുരമുളള ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കി പകരം മിതമായ അളവില്‍ പഴങ്ങള്‍ കഴിക്കാം.

പഞ്ചസാര ഉപേക്ഷിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

  • സ്ത്രീകളില്‍ സന്തുലിത ഹോര്‍മോണ്‍ നിയന്ത്രണത്തിന് സഹായിക്കും.
  • വയറ് വീര്‍ക്കുന്നത് ഒഴിവാക്കുകയും, ദഹന മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യാം.
  • ത്വക്കിന്റെ വ്യക്തതയും ടെക്‌സ്ചര്‍ മെച്ചപ്പെടുത്തലും സാധ്യമാണ്. ചര്‍മ്മത്തിന് തെളിച്ചം തോന്നുകയും ചെയ്യും.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് കുറയ്ക്കുന്നതിനുള്ള നല്ല മാര്‍ഗമാണ്.
  • ഉയര്‍ന്ന കലോറിയും ശരീരഭാരവും കുറയ്ക്കാന്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ഗുണപ്രദമാണ്. ഇത് കൊളസ്‌ട്രോള്‍ നിലയും മെച്ചപ്പെടുത്തും.