ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ശുഭ്മാന്‍ ഗില്‍ (87), ശ്രേയസ് അയ്യര്‍ (59), അക്‌സര്‍ പട്ടേല്‍ (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറുടെയും (52) ജേക്കബ് ബേത്തലിന്റെയും (51) അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് തുണയായത്. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയും തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓപണര്‍മാരായ രോഹിത് ശര്‍മയെയും (2) യശസ്വി ജയ്‌സ്വാളിനെയും (15) തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും പിന്നീട് ക്രീസിലൊരുമിച്ച ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ഇന്ത്യയെ കരകയറ്റി.
ശ്രേയസ് അയ്യരുടെ അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ മത്സരം ഇന്ത്യക്ക് അനുകൂലമായി. താരം വെറും 30 പന്തില്‍ 50 റണ്‍സെടുത്തു ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചു. 36 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം 59 റണ്‍സെടുത്തു ശ്രേയസ് പുറത്തായി.
പിന്നാലെയെത്തിയ അക്‌സര്‍ പട്ടേലും ഗില്ലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം കുതിച്ചു. ഇതിനിടെ ഗില്ലും പിന്നാലെ അക്‌സറും അര്‍ധ സെഞ്ച്വറി തികച്ചു. സ്‌കോര്‍ 220 കടത്തിയതിന് പിന്നാലെ അക്‌സറിന് മടങ്ങേണ്ടിവന്നു. 47 പന്തില്‍ 52 റണ്‍സെടുത്താണ് അക്‌സര്‍ ക്രീസ് വിട്ടത്. പിന്നാലെയെത്തിയ കെ എല്‍ രാഹുല്‍ (2) അതിവേഗം മടങ്ങി.
തൊട്ടുപിന്നാലെ 36-ാം ഓവറില്‍ ഗില്ലിനും പുറത്താവേണ്ടിവന്നു. 96 പന്തില്‍ 14 ബൗണ്ടറിയുള്‍പ്പടെ 87 റണ്‍സെടുത്ത ഗില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായാണ് മടങ്ങിയത്. ഒന്‍പത് റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും 12 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇംഗ്ലണ്ടിന് വേണ്ടി സാക്കിബ് മഹ്‌മൂദും ആദില്‍ റാഷിദും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Add Comment