രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് ജമ്മു കശ്മീരിനെ നേരിടും. പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. അഞ്ച് വർഷത്തിനുശേഷമാണ് കേരളം ക്വാർട്ടർ ഫൈനലിൽ കളിക്കുന്നത്. എലൈറ്റ് ഗ്രൂപ്പ് സിയിൽനിന്ന് 28 പോയിന്റുമായി രണ്ടാമതായാണ് കേരളം മുന്നേറിയത്.
കഴിഞ്ഞ മത്സരത്തിൽ ബിഹാറിനെതിരെ ഉജ്ജ്വല വിജയം നേടിയാണ് കേരളം ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്. കർണ്ണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തർക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളം മത്സരിച്ചത്. ഏഴ് മത്സരങ്ങളിൽ മൂന്ന് വിജയവും നാല് സമനിലയും സച്ചിൻ ബേബിയും സംഘവും നേടി. സീസണിൽ തോൽവി അറിയാതെയാണ് കേരളത്തിന്റെ മുന്നേറ്റം.
അതേസമയം ജമ്മു കശ്‌മീരും അഞ്ചുവർഷത്തിനുശേഷമാണ് ക്വാർട്ടറിലെത്തുന്നത്. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായാണ് ജമ്മു കാശ്മീരിന്റെ ക്വാർട്ടർ പ്രവേശനം. നിലവിലെ ചാംപ്യന്മാരായ മുംബൈ, ക്രുണാൽ പാണ്ഡ്യയുടെ ബറോഡ എന്നിവരെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തി ജമ്മു കശ്മീർ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. മറ്റ് ക്വാർട്ടറുകളിൽ വിദർഭ തമിഴ്‌നാടിനെയും മുംബൈ ഹരിയാനയെയും നേരിടും. സൗരാഷ്ട്രയും ഗുജറാത്തും തമ്മിലാണ് മറ്റൊരു ക്വാർട്ടർ.
Add Comment