Sports

അന്തരാഷ്ട്ര ക്രിക്കറ്റിലേക്കും മികച്ച ഫോമിലേക്കുമുള്ള തിരിച്ചുവരവിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി ശ്രേയസ് അയ്യർ

ഇംഗ്ലണ്ടിനെതിരെ നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ നിർണായകമായത് മധ്യനിര ബാറ്റർ ശ്രേയസ് അയ്യരുടെ മിന്നും പ്രകടനം കൂടിയായിരുന്നു. ഇപ്പോഴിതാ തന്റെ അന്തരാഷ്ട്ര ക്രിക്കറ്റിലേക്കും മികച്ച ഫോമിലേക്കുമുള്ള തിരിച്ചുവരവിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ആഭ്യന്തര ക്രിക്കറ്റാണ് തന്റെ പ്രകടനം മെച്ചപ്പെടുത്തിയതെന്നായിരുന്നു അയ്യർ പറഞ്ഞത്. ‘കുറച്ച് കാലമായി കളിയിൽ മികവ് നഷ്ടപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയത് ഗുണമുണ്ടായി. ഫിറ്റ്നസും സാങ്കേതികതയും വർധിപ്പിക്കാനായി’, ശ്രേയസ് അയ്യർ പറഞ്ഞു.

കിട്ടിയ അവസരം ശ്രേയസ് നന്നായി പ്രയോജനപ്പെടുത്തുന്നതാണ് നാഗ്പൂരില്‍ കാണാനായത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടിയാണ് ശ്രേയസ് തിളങ്ങിയത്. 30 പന്തിലാണ് ശ്രേയസ് അര്‍ധ സെഞ്ച്വറി തികച്ചത്. മത്സരത്തില്‍ 36 പന്തില്‍ 59 റണ്‍സെടുത്തു. രണ്ട് സിക്സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ശ്രേയസ്സിന്റെ മാസ് ഇന്നിങ്സ്. ജോഫ്ര ആര്‍ച്ചറിന്റെ ഓവറില്‍ തുടര്‍ച്ചയായി സിക്സര്‍ പറത്തി ശ്രേയസ് ഞെട്ടിച്ചിരുന്നു.

നേരത്തെ മത്സര ശേഷം പരിക്കേറ്റ വിരാട് കോഹ്‌ലിക്ക് പകരമാണ് ടീമില്‍ അവസരമൊരുങ്ങിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഏറെ കാലം ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യരിന് സമീപ കാലത്ത് ആഭ്യന്തര ക്രികക്കട്ടിൽ നടത്തിയ മിന്നും പ്രകടനമാണ് വീണ്ടും ടീമിലെത്തിച്ചത്. രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയ താരംസയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ മുംബൈയെ കിരീടത്തിലേക്ക് നയിക്കുയും ചെയ്തിരുന്നു.