Lifestyle

ട്രാവല്‍ ബുക്കിങ് സേവനമായ ഓയോയിൽ മാറ്റങ്ങള്‍ കൊണ്ടുവന്നത് എന്തെല്ലാം?

കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ശ്രദ്ധനേടിയ വാർത്തയായിരുന്നു അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുതൽ ഓയോയിൽ മുറിയില്ലെന്നത്. ഈ വാർത്ത പ്രചരിച്ചതോടെ ഓയോയുടെ പുതിയനടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളും സജീവമായിരുന്നു. ബജറ്റിൽ ഒതുങ്ങുന്ന ഓയോ റൂമാണ് പലപ്പോഴും സുഹൃത്തുക്കളും പങ്കാളികളുമായി യാത്രപോകുന്നവർ തിരഞ്ഞെടുക്കാറുണ്ടായിരുന്നത്. എന്നാൽ ഇനി പുതിയ നയപ്രകാരം അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു റിപ്പോർട്ടുകള്‍.

പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ നയം അനുസരിച്ച് ഓയോയുടെ പാർട്ണർ ഹോട്ടലുകൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പങ്കാളികളായി എത്തുന്നവർ, അവിവാഹിതർ ആണെങ്കിൽ, അവർക്ക് പ്രവേശനം നിഷേധിക്കാനുള്ള അനുവാദമുണ്ട്. റൂമെടുക്കാന്‍ വരുന്ന ദമ്പതികള്‍ ഹോട്ടലുകാർ ആവശ്യപ്പെട്ടാല്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ ചെക്കിന്‍ സമയത്ത് ഹാജരാക്കണം. ഇല്ലാത്ത പക്ഷം ദമ്പതികള്‍ക്ക് ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഓയോ അറിയിച്ചിരിക്കുന്നത്. പ്രദേശത്തെ പ്രാദേശികവും സാമൂഹികവുമായ അവസ്ഥയെ മാനിച്ചായിരിക്കും ഈ നയം നടപ്പിലാക്കുക.

വിവാഹിതർക്ക് മാത്രം നിൽകുന്ന ഹോട്ടലുകളിൽ ദമ്പതികൾ ബന്ധം തെളിയിക്കുന്ന രേഖ കാണിക്കേണ്ടതുണ്ടതുണ്ട്. ഓൺലൈൻ ബുക്കിങിലും രേഖ സമർപ്പിക്കണം. ഉത്തർപ്രദേശിലെ മീററ്റിലെ തങ്ങളുടെ പാർട്ണർ ഹോട്ടലുകാരോട് പുതിയ ചെക്ക് – ഇൻ പോളിസി നടപ്പിൽ വരുത്താൻ ഓയോ നിർദ്ദേശം നൽകിയിട്ടുണ്ട്. നയമാറ്റത്തിലുണ്ടാകുന്ന പ്രതികരണങ്ങളെ കണക്കിലെടുത്തായിരിക്കും ഈ നയം കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ തീരുമാനമുണ്ടാകുക.

ഓയോ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്പതികളെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് മറ്റ് നഗരങ്ങളിലെ നിവാസികള്‍ അഭ്യര്‍ത്ഥിച്ചതായും കമ്പനി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മീററ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വിവിധ സാമൂഹിക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെക്ക് ഇൻ പോളിസിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തിന് പുറമെ സാമൂഹിക കൂട്ടായ്മകളെ കേൾക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നുമാണ് കമ്പനി പറയുന്നത്.