മനാമ > കുവൈത്തില്‍ സര്‍വകലാശാല ബിരുദമില്ലാത്ത 60 വയസ്സിനും അതിനു മുകളിലുമുള്ള പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കരുതെന്ന തീരുമാനം അസാധുവാക്കി. വിസ നല്‍കരുതെന്ന് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് സര്‍ക്കാരിന് കീഴിലെ നിയമ സ്ഥാപനമായ ഫത്വ ആന്‍ഡ് ലെജിസ്ലേഷന് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചു, പ്രായമായ താമസക്കാര്‍ക്ക് പതിവുപോലെ അവരുടെ തൊഴില്‍ പെര്‍മിറ്റുകളും റസിഡന്‍സികളും പുതുക്കാമെന്നും ഫത്വ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് വിവാദമായ തീരുമാനം മാനവശേഷി പബ്ലിക് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ പ്രഖ്യാപിച്ചത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പല എംപിമാരും പ്രാദേശിക മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിരുന്നു. എന്നാല്‍, 45 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാനുള്ള ഒരു മാര്‍ഗമായാണ് ചിലര്‍ ഇതിനെ കണ്ടത്.
തീരുമാനത്തിന്റെ സാധുതയും നിയമസാധുതയും സംബന്ധിച്ച് നിയമപരമായ വീക്ഷണം ആവശ്യപ്പെട്ട് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുള്ള അല്‍ സല്മാന് ഫത്വ വകുപ്പിന് രണ്ടാഴ്ചമുന്പ് കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് അവര്‍ വ്യക്തമാക്കിയത്.
അനധികൃത വ്യക്തിയാണ് തീരുമാനം എടുത്തതെന്നും വര്‍ക്ക് പെര്‍മിറ്റ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ മന്ത്രി തന്നെ അധ്യക്ഷനായ മാനവശേഷി അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് മാത്രമേ നല്‍കാനാവൂവെന്നും ഫത്വ വകുപ്പ് അറിയിച്ചു. മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ ജനറലിന് ഇത്തരം തീരുമാനങ്ങള്‍ പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നും അത് നിയമവിരുദ്ധമാണെന്നും നിയമപരമായ പദവി ഇല്ലെന്നും കത്തില്‍ വ്യക്തമാക്കി.
ഇതോടെ വിസ നല്‍കുന്നത് പഴയ രീതിയിലേക്ക് മാറും. നടപടി ക്രമങ്ങളുടെ ഭാഗമായി തീരുമാനം റദ്ദാക്കി വാണിജ്യ മന്ത്രി ഔദ്യോഗിക തീരുമാനം പുറപ്പെടുവിക്കും.
Add Comment