Kerala

കൊച്ചി ഗിഫ്‌റ്റിന്‌ ഭൂമി ഉടൻ, ഫെബ്രുവരിയിൽ ഏറ്റെടുക്കൽ പൂർത്തിയാകും: മുഖ്യമന്ത്രി

ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായ കേരളത്തിലെ ആദ്യ വ്യവസായ സിറ്റി “ഗിഫ്റ്റ്’ (കൊച്ചി ഗ്ലോബൽ ഇൻഡസ്ട്രീയൽ ഫിനാൻസ് ആൻഡ് ട്രേഡ്) പദ്ധതിക്ക് 220 ഹെക്ടർ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരിയിൽ ഏറ്റെടുക്കൽ പൂർത്തിയാകും. വ്യവസായ ഇടനാഴിക്കായി 1878 ഏക്കർ ഭൂമി പാലക്കാട്ടും 500 ഏക്കർ എറണാകുളത്തും ഏറ്റെടുക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കൊച്ചി–-സേലം ദേശീയപാതയുടെ ഇരുവശങ്ങളിലായി കേരളത്തിന്റെ സംയോജിത ക്ലസ്റ്റർ യാഥാർഥ്യമാകുമ്പോൾ 10,000 പേർക്ക് നേരിട്ട് ജോലി ലഭിക്കും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കിൻഫ്രയ്ക്കാണ് പദ്ധതിയുടെ ചുമതല. ആവശ്യമായ പണം കിഫ്ബി വഴി ലഭ്യമാക്കും. 1.2 ലക്ഷം പേർക്ക് നേരിട്ടും 3.6 ലക്ഷം പേർക്ക് പരോക്ഷമായും ഗിഫ്റ്റിലൂടെ തൊഴിൽ ലഭിക്കും. തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈൻസ് പാർക്കിന്റെ നിർമാണ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും.

ഒറ്റപ്പാലം ഡിഫൻസ് പാർക്കിന്റെ ഉദ്ഘാടനം വൈകാതെ നടക്കും. ചേർത്തലയിൽ മെഗാ മറൈൻ ഫുഡ് പാർക്കിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 84 ഏക്കർ വരുന്ന പാർക്കിൽ 26 സംരംഭകർക്ക് സ്ഥലം അനുവദിച്ചു. 130 കോടി രൂപയാണ് നിർമാണ ചെലവ്. ഈ പാർക്ക് വഴി 500 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലവസരവും ഉണ്ടാകും.
പാലക്കാട് ലൈറ്റ് എൻജിനിയറിങ് പാർക്കിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ഉൾപ്പെടെ ആദ്യഘട്ടം പൂർത്തിയായി. ഏഴു സംരംഭങ്ങൾക്ക് കെട്ടിടം അനുവദിച്ചു. രണ്ടാംഘട്ടം ഡിസംബറിൽ പൂർത്തിയാകും. മട്ടന്നൂരിൽ 137 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര കൺവൻഷൻ സെന്ററിന് ഭരണാനുമതി നൽകി.

തിരുവനന്തപരും തോന്നയ്ക്കലിൽ ഗ്ലോബൽ ആയുർവേദ വില്ലേജ് ഒന്നാംഘട്ടം തുടങ്ങുന്നതിന് 7.45 ഏക്കർ ഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറി. രണ്ടാംഘട്ടത്തിന് വർക്കലയിൽ 32 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

About the author

Admin

Add Comment

Click here to post a comment