Pravasam

എട്ടാം ഖത്തർ മലയാളി സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയാവുന്നു

ദോഹ> നവംബർ 2, 3 തിയ്യതികളിൽ ദോഹയിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടന സെഷൻ, സാസ്കാരിക സമ്മേളനം, വിദ്യാർത്ഥി സമ്മേളനം, കുടുംബ സംഗമം, യുവജന സമ്മേളനം, സമാപന സമ്മേളനം, കലാ സന്ധ്യ തുടങ്ങിയ സെഷനുകളിലായി കേരളത്തിലും ഖത്തറിലുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിക്കും.

കാലിക പ്രസക്തമായ പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന് ഖത്തറിലെ മലയാളി സമൂഹത്തിൽ നിന്ന് ആശാവഹമായ പിന്തുണയാണ് ലഭിക്കുന്നതെന്നും ‘മീഡിയവൺ’ സമ്മേളനത്തിന്റെ മീഡിയ പാർട്ണറായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങൾ, കലാമത്സരങ്ങൾ, ആരോഗ്യ ബോധവൽകരണ ക്ലാസുകൾ തുടങ്ങിയവ വരും ദിവസങ്ങളിൽ നടക്കും.

ഐ സി സി അശോക ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി. ചെയർമാൻ ഷറഫ് പി ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ, മുഖ്യ രക്ഷാധികാരി എ പി മണികണ്ഠൻ, ഉപദേശക സമിതി ചെയർമാൻ എബ്രഹാം ജോസഫ്, ചീഫ് കോർഡിനേറ്റർ കെ മുഹമ്മദ് ഈസ, വൈസ് ചെയർമാൻ കെ എൻ സുലൈമാൻ മദനി, വിവിധ സംഘടനാ പ്രതിനിധികളായ ഷാനവാസ് ബാവ, ഡോ. സമദ്, സമീർ ഏറാമല, അഹ്മദ് കുട്ടി, എസ് എ എം ബഷീർ, ജൂട്ടാസ് പോൾ, മുനീർ മങ്കട, വർക്കി ബോബൻ, ഡോ. സമീർ മൂപ്പൻ, ജോപ്പച്ചൻ തെക്കേകൂറ്റ്, നവാസ് പാലേരി, ഫൈസൽ സലഫി, അബൂബക്കർ മാടപ്പാട്ട്, ഖലീൽ എ പി, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ഡോ. സാബു, സിയാദ് കോട്ടയം, ആഷിഖ് അഹ്മദ്, സറീന അഹദ്, അമീനു റഹ്മാൻ, മിനി സിബി, ഡോ. ബിജു ഗഫൂർ, അബ്ദുൽ ലത്തീഫ് നല്ലളം തുടങ്ങിയവർ സംസാരിച്ചു.