Pravasam

കുട്ടികൾ സമൂഹത്തിന്റെ സ്വത്ത്; നന്മയുള്ളവരായി സ്വതന്ത്രരായി വളരാൻ അനുവദിക്കുക: പ്രൊഫ. ഗോപിനാഥ് മുതുകാട്

ദമ്മാം> കുട്ടികൾ സമൂഹത്തിന്റെ ആകെ സ്വത്താണെന്നും രക്ഷിതാക്കളുടെ താല്പര്യങ്ങളെക്കാൾ ഉപരിയായി അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് അവരെ സ്വതന്ത്രരായി നന്മയിൽ വളരാൻ അനുവദിക്കണമെന്നും പ്രൊഫ. ഗോപിനാഥ് മുതുകാട്. നവോദയ സാംസ്കാരിക വേദി സൗദി കിഴക്കൻ പ്രവിശ്യയുടെ പതിമൂന്നാമത് സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

23-ാം സ്ഥാപക ദിനമായ നവോദയദിനത്തോട് അനുബന്ധിച്ച് റഹീമയിലെ അൽ റോമാൻസിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലും ഉള്ള കുട്ടികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. 258 കുട്ടികളാണ് സ്കോളർഷിപ്പിന് അർഹരായത്.

ചടങ്ങിൽ നവോദയ സാംസകാരിക വേദിയുടെ റിലീഫ് ഫണ്ട് പ്രൊഫ. ഗോപിനാഥ് മുതുകാടിന് നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ കൈമാറി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന റമദാൻ റിലീഫ്ഫണ്ട് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗപ്പെടുത്താറുള്ളത്. ഈ വർഷം ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന ഡിഫറന്റ് ആർട്ട് സെന്ററിന് നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്കോളർഷിപ്പ് സ്വീകരിച്ച കുട്ടികളിൽ ചിലരും ലഭിച്ച തുക മുതുകാടിന് കൈമാറി.

ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവോദയ കേന്ദ്രപ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷനായി. നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ, കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, പ്രസിഡന്റ് നന്ദിനി മോഹൻ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ രശ്മി രഘുനാഥ്, ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ്, ഓപി ഹമീദ് (കെഎംസിസി), നാസ് വക്കം (ലോകകേരള സഭ), മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, അഷ്റഫ് ആലുവ (ഡയസ്പാക്), അഹമദ് നജാത്തി എന്നിവർ സന്നിഹിതരായിരുന്നു.