Uncategorized Pravasam UAE

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്

അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് തന്നെ നടത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്. ട്രൂനാറ്റ്, സി.ബി നാറ്റ് രീതികളിലുള്ള കൊവിഡ് പരിശോധനകള്‍ അംഗീകരിക്കുന്നില്ല. മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവം ആര്‍.ടി പി.സി.ആര്‍ സംവിധാനത്തിലൂടെ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെന്നും കമ്പനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഐ.സി.എം.ആര്‍, പ്യുവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നീ ഏജന്‍സികളില്‍ ഏതെങ്കിലും ഒന്നിന്റെ അംഗീകാരമുള്ള ലബോറട്ടറികളിലാണ് കൊവിഡ് പരിശോധന നടത്തേണ്ടത്. പരിശോധിക്കുന്ന ലബോറട്ടറിയുടെ ഒറിജിനല്‍ ലെറ്റര്‍ ഹെഡില്‍, ഇംഗീഷിലുള്ള പരിശോധനാ ഫലമാണ് വേണ്ടത്. റിപ്പോര്‍ട്ടില്‍ ഒപ്പും സീലും ഉണ്ടായിരിക്കണം. കൈകൊണ്ട് എഴുതിയ പരിശോധനാ ഫലങ്ങളോ തിരുത്തലുകളുള്ളതോ സ്വീകരിക്കില്ല. പരിശോധനാ ഫലത്തിന്റെ ഫോട്ടോകോപ്പിയും അനുവദിക്കില്ല. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത്. സ്വാബ് അല്ലെങ്കില്‍ സാമ്പിള്‍ ശേഖരിക്കുന്ന സമയം മുതലാണ് ഈ സമയപരിധി കണക്കാക്കുന്നതെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.