Pravasam

വിദേശികളുടെ റസിഡൻസി നിയമ ഭേദഗതി ബിൽ; സുപ്രധാന ചർച്ച

കുവൈത്ത് സിറ്റി > ഞായറാഴ്ച കുവൈത്ത് പാർലമെന്റിന്റെ ആഭ്യന്തര- പ്രതിരോധ കാര്യസമിതി യോഗം ചേർന്ന് വിദേശികളുടെ റസിഡൻസി നിയമ ഭേദഗതി ബിൽ ചർച്ച ചെയ്യും.

ബിൽ പ്രകാരം താൽക്കാലിക റസിഡൻസി പുതുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാത്ത വിദേശികൾക്ക് താമസ കാലാവധി അവസാനിച്ചതിന് ശേഷം പരമാവധി മൂന്ന് മാസത്തേക്ക് കുവൈത്തിൽ താമസിക്കാൻ അനുവദിക്കും. എന്നാൽ അവർക്ക് താമസം പുതുക്കാനോ കൈമാറാനോ കഴിയില്ല. റെസിഡൻസി പുതുക്കലിനും എൻട്രി വിസയ്ക്കുമുള്ള ഫീസ് ആഭ്യന്തര മന്ത്രി പുറപ്പെടുവിക്കുന്ന മന്ത്രിതല തീരുമാനമനുസരിച്ചായിരിക്കും നിശ്ചയിക്കുക. പണം വാങ്ങി പ്രവാസി തൊഴിലാളികളെ കൊണ്ടുവന്ന് മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികൾക്കെതിരെ പരമാവധി മൂന്ന് വർഷം തടവും കൂടാതെ/അല്ലെങ്കിൽ 5,000 കെ ഡി മുതൽ 10,000 കെ ഡി വരെ പിഴയും ബിൽ ചുമത്തുന്നു.

പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനോ സുരക്ഷാപരവുമായ കാരണങ്ങളുടെ അടിസ്ഥാനത്തിലോ പ്രവാസി തൊഴിലാളികളെ നാടുകടത്താൻ ആഭ്യന്തരമന്ത്രിക്ക് അനുമതി നൽകുന്ന കർശന വ്യവസ്ഥകളും ബില്ലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിർദ്ദേശം അനുസരിച്ച് ഒരു പ്രവാസിക്ക് അഞ്ച് വർഷത്തിൽ കൂടാത്ത താമസാനുമതിയാണ് നൽകുക. എന്നാൽ നിക്ഷേപകർക്ക് അവരുടെ പ്രവർത്തനത്തെ ആശ്രയിച്ച് 15 വർഷം വരെ റെസിഡൻസി പെർമിറ്റ് നൽകും. കുവൈത്തി സ്ത്രീകൾക്ക് അവരുടെ കുവൈത്ത് ഇതര ഭർത്താക്കന്മാർക്കും കുട്ടികൾക്കും സ്ഥിരതാമസാവകാശം നൽകാൻ വ്യവസ്ഥകൾ അനുവദിക്കുന്നു. എന്നാൽ അവർക്ക് പൗരത്വം അനുവദിക്കുകയില്ല തുടങ്ങിയ നിർദ്ദേശങ്ങളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നുണ്ട്.