സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്‍റെ പൊങ്കൽ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ.
സൂര്യയും മറ്റ് കഥാപാത്രങ്ങളുമുള്ള പോസ്റ്ററിൽ മലയാളത്തിന്റെ സ്വന്തം ജയറാമും നിറഞ്ഞുനിൽക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും അന്യഭാഷാ സിനിമകളിൽ ജയറാമിന്റെ കഥാപാത്രങ്ങൾക്ക് വേണ്ട വിധത്തിലുള്ള പ്രാധാന്യം ലഭിച്ചിരുന്നില്ല. ശങ്കർ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ എന്ന സിനിമയിലെ നടന്റെ കഥാപാത്രത്തിനും ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. എന്നാൽ റെട്രോയിൽ കാർത്തിക് സുബ്ബരാജ് ജയറാമിന് മികച്ച കഥാപാത്രം നൽകുമെന്ന പ്രതീക്ഷ പലരും പങ്കുവെക്കുന്നുണ്ട്.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ടീസറിനും വലിയ സ്വീകാര്യത നേടാനായിരുന്നു. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക.
ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സൂര്യ ചിത്രം. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. സൂര്യയുടെ തിരിച്ചു വരവാകും ‘റെട്രോ’ എന്നാണ് ആരാധകർ പറയുന്നത്.
Add Comment