Pravasam

കുവൈത്ത് സെന്റ്‌ ഗ്രീഗോറിയോസ്‌ ഇടവകയുടെ വാർഷിക കൺവെൻഷന് തുടക്കം

കുവൈത്ത് > സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ ആഭിമുഖ്യത്തിൽ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷനു തുടക്കം കുറിച്ചു. സെപ്റ്റംബർ 1 മുതൽ 7വരെ നടത്തുന്ന കൺവെൻഷന്റെ ഔപചാരിക ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറക്കൽ നിർവ്വഹിച്ചു.

ഇടവക സഹവികാരി റവ. ഫാ. ലിജു കെ പൊന്നച്ചൻ, റവ. ഫാ. കോശി വൈദ്യൻ, റവ. ഫാ. അജി ഏബ്രഹാം, റവ. ഫാ. ഗീവർഗീസ് ജോൺ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, കൺവൻഷൻ കൺവീനർ മാത്യു സഖറിയ, ജോയിന്റ് കൺവീനർ ജിബു ജേക്കബ് വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന ആദ്യ ദിന കൺവൻഷനിൽ മലബാർ ഭദ്രാസനത്തിലെ റവ. ഫാ. അജി ഏബ്രഹാം വചനശുശ്രൂഷ നടത്തി.