Kerala

ജ്വല്ലറിത്തട്ടിപ്പ്‌ : ഖമറുദ്ദീനെ ചോദ്യം ചെയ്യും ; പുതുതായി അഞ്ച്‌ കേസു‌കൂടി

സ്വന്തം ലേഖകൻ
എം സി ഖമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക കുറ്റമടക്കം ഉൾപ്പെടുന്നതിനാൽ അതീവ ഗൗരമുള്ള കേസായാണ് പരിഗണിക്കുന്നതെന്ന് പ്രത്യേക അന്വേഷകസംഘത്തിന്റെ ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീൻകുട്ടി പറഞ്ഞു. ജ്വല്ലറി ചെയർമാൻ എം സി ഖമറുദ്ദീൻ, എംഡി ടി കെ പുക്കോയ തങ്ങൾ എന്നിവരെ ചോദ്യം ചെയ്യും.

നിക്ഷേപകരെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രേഖകളൊക്കെ തയ്യാറാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. കമ്പനി നിയമപ്രകാരമുള്ളതല്ല നിക്ഷേപകർക്ക് നൽകിയ സർട്ടിഫിക്കറ്റ്. ജ്വല്ലറി മാനേജർ ഉൾപ്പെടെയുള്ളവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. അതിനായി കാഞ്ഞങ്ങാട്ട് പ്രത്യേക ക്യാമ്പ് തുറക്കും. പരാതി നൽകിയ മുഴുവനാളുകളിൽനിന്നും തെളിവ് ശേഖരിക്കും. രേഖകൾ പിടിച്ചെടുക്കാനുള്ള പരിശോധനയുമുണ്ടാകും. ജ്വല്ലറി തട്ടിപ്പിലൂടെ 150 കോടി രൂപ എംഎൽഎയും മറ്റും തട്ടിയെടുത്തതായാണ് ആരോപണം.

5 കേസുകൂടി
ജ്വല്ലറിയിൽ നിക്ഷേപം വാങ്ങി കബളിപ്പിച്ചതിന് പുതുതായി അഞ്ച് കേസുകൂടി രജിസ്റ്റർ ചെയ്തു. ചന്തേരയിലും കാസർകോടും രണ്ട് വീതവും പയ്യന്നൂരിൽ ഒരു കേസുമാണ് ചൊവ്വാഴ്ച രജിസ്റ്റർ ചെയ്തത്. ഇതോടെ ചന്തേരയിൽ 41 ഉം കാസർകോട് 12 ഉം പയ്യന്നൂരിൽ ഒമ്പതും ഉൾപ്പെടെ ആകെ 62 പേരുടെ പരാതിയിൽ കേസെടുത്തു. ഹോസ്ദുർഗ് മജിസ്ട്രേട്ട് കോടതിയിൽ ഒരു വണ്ടിച്ചെക്ക് കേസും സിവിൽ കേസുമുണ്ട്. ഒരു കോടി രൂപ നിക്ഷേപിച്ച കണ്ണൂർ താണ കണ്ണോത്തുംചാലിലെ ബൈത്തുൽ അമീനിൽ അമീദ് അറബിയുടേതാണ് പുതിയ പരാതി.